പാക് ഫീൽഡ് മാർഷൽ അസിം മുനീ‌ർ ‘ഫന്റാസ്റ്റിക്’ എന്ന് ട്രംപ്; സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ സൂചനകൾ, ലോകം പ്രതീക്ഷയിൽ

വാഷിം​ഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പാകിസ്ഥാനിൽ നിർണ്ണായകമായ നീക്കങ്ങൾ ഉണ്ടായേക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചു. ഇസ്ലാമാബാദിലുള്ള ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ടറുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചർച്ചകൾക്കായി ജനീവ ഉൾപ്പെടെയുള്ള മറ്റ് വേദികൾ പരിഗണനയിലുണ്ടെങ്കിലും, പാകിസ്ഥാനോട് തനിക്ക് കൂടുതൽ താൽപ്പര്യമുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന്റെ നേതൃത്വത്തെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. അസിം മുനീർ മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം ‘ഫന്റാസ്റ്റിക്’ ആണെന്നുമാണ് ട്രംപിന്റെ പ്രതികരണം. പ്രശ്നവുമായി നേരിട്ട് ബന്ധമില്ലാത്ത രാജ്യങ്ങളിലേക്ക് ചർച്ചകൾക്കായി പോകുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്നും പാകിസ്ഥാൻ ഈ വിഷയത്തിൽ പുലർത്തുന്ന സജീവമായ ഇടപെടലാണ് അവരെ പ്രിയപ്പെട്ട വേദിയാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞ സാഹചര്യത്തിൽ, പുതിയ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകാനിടയുള്ള ഈ കൂടിക്കാഴ്ച മേഖലയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.