
വാഷിംഗ്ടൺ: വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ സ്ഥാനത്തുനിന്ന് മാറ്റുന്നതിനെക്കുറിച്ച് താൻ ചിന്തിക്കുന്നുപോലുമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. അവർക്ക് പകരക്കാരെ കണ്ടെത്താൻ ആലോചിക്കുന്നുണ്ടെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തികച്ചും വ്യാജമാണെന്ന് അദ്ദേഹം സിഎൻഎൻ പ്രതിനിധിയോട് പറഞ്ഞു.
സൂസി വൈൽസ് മികച്ച രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും, ബുദ്ധിമതിയും ധീരയുമായ അവർ അടുത്തിടെയാണ് സ്തനാർബുദ ശസ്ത്രക്രിയയ്ക്ക് വിധേയയായി രോഗമുക്തി നേടിയതെന്നും ട്രംപ് ഓർമ്മിപ്പിച്ചു. തന്റെ ഏറ്റവും വിശ്വസ്തയും ദീർഘകാലമായി സേവനം അനുഷ്ചിക്കുന്നതുമായ ചീഫ് ഓഫ് സ്റ്റാഫാണ് സൂസി വൈൽസ് എന്നും, അവർക്ക് തന്റെ പൂർണ്ണ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ മാർച്ച് മാസത്തിലാണ് തനിക്ക് പ്രാരംഭ ഘട്ടത്തിലുള്ള സ്തനാർബുദ ബാധയുണ്ടെന്ന് സൂസി വൈൽസ് പ്രസിഡന്റിനെ അറിയിച്ചത്. ഉടൻതന്നെ ചികിത്സ ആരംഭിക്കാനും ആവശ്യത്തിന് അവധിയെടുക്കാനും ട്രംപ് ആവശ്യപ്പെട്ടെങ്കിലും, ചികിത്സയ്ക്കിടയിലും തന്റെ പ്രധാന സഹായിയായി അവർ സേവനം തുടർന്നു. കഴിഞ്ഞ മാസം താൻ പൂർണ്ണമായും കാൻസർ മുക്തയായതായി അവർ സാമൂഹിക മാധ്യമമായ എക്സിലൂടെ അറിയിച്ചിരുന്നു. 2024-ലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിർണായക പങ്കുവഹിച്ച സൂസി വൈൽസ്, വൈറ്റ് ഹൗസിന്റെ ചരിത്രത്തിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ്.















