കാലിഫോർണിയൻ നഗരങ്ങളെ തകർക്കാൻ ഇറാന് അനുവാദം നൽകാമെന്ന് ട്രംപ്; ‘ഭ്രാന്തനും അപകടകാരിയും’ എന്ന് വിശേഷിപ്പിച്ച് ഗവർണർ ഗാവിൻ ന്യൂസം

സാക്രമെന്‍റോ: ലോകത്തിന്‍റെയും അമേരിക്കയുടെയും സുരക്ഷയ്ക്കായി ആവശ്യമെങ്കിൽ ലോസ് ആഞ്ചലസ്, സാൻ ഡീഗോ തുടങ്ങിയ നഗരങ്ങൾ തകർക്കാൻ ഇറാനെ അനുവദിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം. നെബ്രാസ്കയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം.

ലോകത്തെയും നമ്മുടെ രാജ്യത്തെയും സുരക്ഷിതമായി നിലനിർത്താൻ നൽകേണ്ടി വരുന്ന ചെറിയൊരു വില മാത്രമാണിതെന്നും, വേണമെങ്കിൽ അവർക്ക് ഒരു നഗരത്തെ തകർക്കാമെന്നും, അവർ ലോസ് ആഞ്ചലസിനെയോ സാൻ ഡീഗോയെയോ തകർത്തോട്ടെ എന്നുമായിരുന്നു ട്രംപ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്. ട്രംപിന്റെ ഈ പരാമർശത്തെ റാലിയിൽ പങ്കെടുത്തവർ കൈയടികളോടെയാണ് സ്വീകരിച്ചത്.

ട്രംപിന്‍റെ പരാമർശത്തിനെതിരെ അതിരൂക്ഷമായ ഭാഷയിലാണ് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചത്. നാഷണൽ ഗാർഡിനെയും മറൈൻസിനെയും അയച്ച് കാലിഫോർണിയ പിടിച്ചടക്കാൻ ശ്രമിച്ചതിന് പിന്നാലെ, നമ്മുടെ വിദേശ ശത്രുക്കൾ ലോസ് ആഞ്ചലസിനെയും സാൻ ഡീഗോയെയും തകർക്കട്ടെ എന്ന് പറയുന്ന നിലയിലേക്ക് ട്രംപ് എത്തിയിരിക്കുകയാണെന്നും, അദ്ദേഹം തികച്ചും സമനില തെറ്റിയവനും വലിയ അപകടകാരിയുമാണെന്നും ന്യൂസം എക്സിൽ കുറിച്ചു.

ട്രംപിന്റെ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സാൻ ഡീഗോ മേയർ ടോഡ് ഗ്ലോറിയയും രംഗത്തെത്തി. യുദ്ധത്തിന്റെ ഭാഗമായി ബലികൊടുക്കാനുള്ള പകരക്കാരല്ല സാൻ ഡീഗോയെന്നും, ഒഴിവാക്കപ്പെടാവുന്ന ഒന്നല്ല തങ്ങളുടെ നഗരമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെയും സുരക്ഷയ്ക്ക് പകരമായി കൊടുക്കേണ്ട ‘ചെറിയ വില’യല്ല സാൻ ഡീഗോയെന്നും, ട്രംപിന്റെ ഉത്തരവാദിത്തമില്ലാത്ത യുദ്ധ സംസാരങ്ങളിൽ നിന്ന് തങ്ങളുടെ നഗരത്തെ ഒഴിവാക്കി നിർത്തണമെന്നും മേയർ എക്സിൽ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide