വാഷിങ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്സ് അസോസിയേഷൻ (WHCA) സംഘടിപ്പിച്ച മാധ്യമ അത്താഴവിരുന്നിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൂന്ന് മാസം മുമ്പ് വെടിവെപ്പ് ആക്രമണത്തെ തുടർന്ന് റദ്ദാക്കിയ ചടങ്ങിന് ശേഷമാണ് ഇത്തവണ അത്താഴവിരുന്ന് നടന്നത്. ന്യൂയോർക്ക് ടൈംസ്, സി.എൻ.എൻ., വാൾ സ്ട്രീറ്റ് ജേണൽ ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളിലെ പ്രതിനിധികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ച ചടങ്ങിൽ പങ്കെടുത്ത ട്രംപ്, പ്രസംഗത്തിനിടെ മാധ്യമങ്ങളെ “ഫേക്ക് ന്യൂസ്” പ്രചരിപ്പിക്കുന്നവരെന്ന് വിശേഷിപ്പിച്ചു. ചടങ്ങിൽ പങ്കെടുത്ത പല മാധ്യമപ്രവർത്തകർക്കും “ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം” ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
ഏപ്രിലിൽ നടന്ന വെടിവെപ്പ് ആക്രമണത്തിനിടെ ധീരമായി ഇടപെട്ട യു.എസ്. സീക്രട്ട് സർവീസ് ഉദ്യോഗസ്ഥൻ വിക്ടർ ഗോൺസാലസിന് ട്രംപ് പുരസ്കാരം സമ്മാനിച്ചു. ട്രംപും ജെഫ്രി എപ്സ്റ്റീനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടിംഗിനാണ് വാൾ സ്ട്രീറ്റ് ജേണൽ സംഘത്തിനും പുരസ്കാരം ലഭിച്ചത്. മൂന്ന് മാസം മുമ്പ് പറഞ്ഞതുപോലെ, പരിപാടി തുടരണം. നിങ്ങളിൽ ഭൂരിഭാഗം പേരെയും ഞാൻ ബഹുമാനിക്കുന്നു എന്ന് ട്രംപ് പറഞ്ഞു. എന്നാൽ പ്രസംഗത്തിന്റെ മറ്റുഭാഗങ്ങളിൽ മാധ്യമപ്രവർത്തകരെയും ഡെമോക്രാറ്റിക് നേതാക്കളെയും അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.
അഭിപ്രായസ്വാതന്ത്ര്യത്തെ മാനിക്കണമെന്ന് അമേരിക്കക്കാർക്ക് ആഹ്വാനം ചെയ്ത ട്രംപ്, നമ്മുടെ അഭിപ്രായവ്യത്യാസങ്ങൾ വെടിയുണ്ടകളിലൂടെയല്ല, തുറന്ന ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടത് എന്നും പറഞ്ഞു. നിങ്ങളിൽ ചിലർക്ക് എന്നെ ഒട്ടും ഇഷ്ടമല്ലെന്ന് ചിലപ്പോൾ തോന്നാറുണ്ട്. ഒരിടത്ത് ഇത്രയധികം ‘ട്രംപ് ഡിറേഞ്ച്മെന്റ് സിൻഡ്രോം’ ബാധിച്ചവർ ഒരുമിച്ചുകൂടിയത് ഇതാദ്യമായിരിക്കും എന്നും ട്രംപ് പരിഹസിച്ചു. താൻ അധികാരമൊഴിഞ്ഞാൽ വാർത്തയാക്കാൻ ആളില്ലാത്തതിനാൽ വാർത്താ സ്ഥാപനങ്ങൾ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു.
തുടർന്ന് ‘Trump 2028’ എന്ന തൊപ്പി ധരിച്ച് വീണ്ടും മത്സരിക്കുമെന്ന സൂചനയും നൽകി. വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം ഇപ്പോഴും സംഘർഷഭരിതമായ സാഹചര്യത്തിലാണ് ചടങ്ങ് നടന്നത്. തിരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ചുള്ള തന്റെ പ്രസംഗം സംപ്രേഷണം ചെയ്യാത്ത ചില ടെലിവിഷൻ ശൃംഖലകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഏപ്രിലിലെ ചടങ്ങിനെ അപേക്ഷിച്ച് ഇത്തവണ അത്താഴവിരുന്നിൽ പങ്കെടുത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. കർശന സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു പരിപാടി നടന്നത്. അതേസമയം, ഏപ്രിലിൽ അത്താഴ വിരുന്നിനിടെ നടന്ന വെടിവെപ്പ് കേസിൽ പ്രതിയായ 31-കാരൻ കോൾ തോമസ് അലനെ അമേരിക്കൻ പ്രസിഡന്റിനെ വധിക്കാൻ ശ്രമിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
Trump takes swipes at press during White House Correspondents’ Dinner















