ലോക വേദിയിൽ ട്രംപിന്‍റെ പ്രസംഗവും തുടർന്നുള്ള നയതന്ത്ര നീക്കങ്ങളും, ഉറ്റുനോക്കി രാജ്യങ്ങൾ; ഇറാന്‍റെ ആണവ ഭീഷണിയടക്കം സജീവ ചർച്ചയാക്കാൻ യുഎസ്

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്ന പ്രസംഗം ആഗോള ശ്രദ്ധ നേടുന്നു. ഇറാനുമായുള്ള യുദ്ധം, ഗാസ സമാധാന പദ്ധതി, മറ്റ് ആഗോള സുരക്ഷാ വിഷയങ്ങൾ എന്നിവയിലെ അമേരിക്കൻ നിലപാടുകൾ ട്രംപ് ഉച്ചകോടിയിൽ വിശദീകരിക്കും. പ്രസംഗത്തിന് മുന്നോടിയായി, അമേരിക്കയുടെ പരമാധികാരത്തിന്മേൽ കടന്നുകയറാനോ ചില നജണ്ടകൾ അടിച്ചേൽപ്പിക്കാനോ ഐക്യരാഷ്ട്രസഭയെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

ഇറാനുമായുള്ള യുദ്ധം ഏഴാം മാസത്തിലേക്ക് കടക്കുമ്പോഴാണ് ട്രംപിന്റെ ഈ നിർണ്ണായക യുഎൻ പ്രസംഗം. മുൻ ഭരണകൂടങ്ങൾ പരിഹരിക്കാതെ നീട്ടിക്കൊണ്ടുപോയ പല ആഗോള പ്രശ്നങ്ങളും തങ്ങളുടെ ഭരണകൂടം നേരിട്ട് നേരിട്ട രീതി ട്രംപ് പ്രസംഗത്തിൽ എടുത്തുപറയുമെന്ന് യുഎന്നിലെ യുഎസ് അംബാസഡർ മൈക്ക് വാൾട്സ് വ്യക്തമാക്കി. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുന്നതിനൊപ്പം ഗാസ സമാധാന പദ്ധതിയുടെ പുരോഗതിയും അദ്ദേഹം വിശദീകരിക്കും. അതേസമയം, ഇറാനുമായി വ്യാപാര ബന്ധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും അതിന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റും ലോകരാഷ്ട്രങ്ങൾക്ക് മുന്നറിയിപ്പ് നൽകും.

യുഎൻ സമ്മേളനത്തിന് തൊട്ടുപിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആൻഡി ബേൺഹാം, ജാപ്പനീസ് പ്രധാനമന്ത്രി സനാ തകൈച്ചി, ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയവരുമായും ട്രംപ് ഉച്ചകോടിയുടെ ഭാഗമായി ചർച്ചകൾ നടത്തും. പശ്ചിമേഷ്യയിൽ സംഘർഷ സാധ്യതകൾ വർദ്ധിച്ചു നിൽക്കുന്ന പശ്ചാത്തലത്തിൽ, ഐക്യരാഷ്ട്രസഭയിലെ ട്രംപിന്റെ പ്രസംഗവും അതിനുശേഷമുള്ള നയതന്ത്ര നീക്കങ്ങളും ലോകരാഷ്ട്രങ്ങൾ ഉറ്റുനോക്കുകയാണ്.

More Stories from this section

family-dental
witywide