ന്യൂയോർക്ക്: ഇറാനുമായുള്ള യുദ്ധത്തിന്റെ തുടർനടപടികളും യുദ്ധാനന്തര തന്ത്രങ്ങളും ചർച്ച ചെയ്യാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായും വിദേശകാര്യ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ട്. അടുത്ത ചൊവ്വാഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭാ സമ്മേളനത്തിനിടെയാകും കൂടിക്കാഴ്ചയെന്നാണ് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നത്.
യുദ്ധം അവസാനിച്ചതിന് ശേഷമുള്ള യുഎസ് പദ്ധതികൾക്കായിരിക്കും ചർച്ചയിൽ പ്രധാന പരിഗണനയെന്ന് വിഷയവുമായി നേരിട്ട് ബന്ധപ്പെട്ട മൂന്ന് പേരെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു. സൗദി അറേബ്യ, യുഎഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ എന്നീ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് വിവരം. ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രാഥമിക ക്ഷണങ്ങൾ അയച്ചതായും റിപ്പോർട്ടിലുണ്ട്. മറ്റ് അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കളെയും കൂടിക്കാഴ്ചയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.
ഇറാനുമായുള്ള സംഘർഷത്തിന്റെ നേരിട്ടുള്ള പ്രത്യാഘാതം ഗൾഫ് രാജ്യങ്ങൾക്കും നേരിടേണ്ടിവന്നിട്ടുണ്ട്. യുഎസ് സൈനിക താവളങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന ചില രാജ്യങ്ങൾ യുദ്ധത്തിനിടെ ഇറാന്റെ ശക്തമായ ആക്രമണങ്ങൾക്ക് വിധേയമായിരുന്നു. യുദ്ധം മേഖലയുടെ സമ്പദ്‌വ്യവസ്ഥയെയും സാരമായി ബാധിച്ചു. എണ്ണ, പ്രകൃതി വാതക കയറ്റുമതിയിലുണ്ടായ തടസ്സങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വലിയ സാമ്പത്തിക നഷ്ടമുണ്ടായതായാണ് റിപ്പോർട്ട്.
യുദ്ധത്തിന് ശേഷമുള്ള സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് ട്രംപും അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥരും പദ്ധതി തയ്യാറാക്കിവരികയാണ്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും യുദ്ധാനന്തര തന്ത്രം അന്തിമമാക്കുകയെന്നാണ് റിപ്പോർട്ട്.
“യുദ്ധം അവസാനിക്കുന്ന ഘട്ടത്തിലേക്കാണ് നമ്മൾ എത്തിയിരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നു,” ട്രംപ് ബുധനാഴ്ച പറഞ്ഞു. ഇറാൻ കരാറിലെത്താൻ താൽപര്യപ്പെടുന്നുവെന്ന തന്റെ നിലപാടും ട്രംപ് ആവർത്തിച്ചു. ഇക്കാര്യം ഇറാനിൽനിന്ന് നേരിട്ട് അറിയാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ന്യൂയോർക്കിൽ ട്രംപുമായി കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ സമയക്രമം നിശ്ചയിച്ചിട്ടില്ലെന്ന് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചു.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചും മേഖലയിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും വാഷിങ്ടൺ ചർച്ചകൾ തുടരുന്നതിനിടെയാണ് ഗൾഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് നീക്കം നടക്കുന്നത്. കഴിഞ്ഞ വർഷത്തെ യുഎൻ പൊതുസഭാ സമ്മേളനത്തിനിടെ ട്രംപ് നടത്തിയ നയതന്ത്ര നീക്കത്തെയും ഇത്തവണത്തെ കൂടിക്കാഴ്ച ഓർമിപ്പിക്കുന്നു.
അന്ന് എട്ട് അറബ്, മുസ്ലിം രാജ്യങ്ങളുടെ നേതാക്കളുമായി ട്രംപ് കൂടിക്കാഴ്ച നടത്തുകയും ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരട് പദ്ധതി അവർക്കു മുന്നിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം പദ്ധതി പരസ്യമാക്കിയതിന് പിന്നാലെ ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്തുകയും ചെയ്തു. അതേസമയം, ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി ട്രംപ് നടത്താനിരിക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
Trump to meet Gulf leaders at UN over Iran war, postwar strategy: Report














