അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മെയ് 13 മുതൽ 15 വരെ ചൈന സന്ദർശിക്കുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്മായി നടക്കുന്ന കൂടിക്കാഴ്ച ഇരു രാജ്യങ്ങൾക്കും “വലിയ നേട്ടങ്ങൾ” സമ്മാനിക്കുമെന്ന് ട്രംപ് പ്രതികരിച്ചു. “ചൈനയിലേക്കുള്ള യാത്രയ്ക്കായി ഞാൻ കാത്തിരിക്കുകയാണ്. പ്രസിഡന്റ് ഷി ജിൻപിങ്എ എല്ലാവരും ബഹുമാനിക്കുന്ന നേതാവാണ്. ഇരു രാജ്യങ്ങൾക്കും മികച്ച കാര്യങ്ങൾ സംഭവിക്കും,” എന്ന് ട്രംപ് ട്രത്ത് സോഷ്യലിൽ കുറിച്ചു.
ട്രംപിനൊപ്പം ആപ്പിൾ സിഇഒ ടിം കുക്ക്, ടെസ്ല-സ്പേസ്‌എക്‌സ് മേധാവി ഇലോൺ മസ്ക്, ബ്ലാക്ക്‌റോക്ക് സിഇഒ ലാറി ഫിങ്ക്, ബോയിങ് സിഇഒ കെല്ലി ഓർട്ബർഗ് അടക്കമുള്ള പ്രമുഖ വ്യവസായ-സാങ്കേതിക രംഗത്തെ നേതാക്കളും ചൈനയിലേക്ക് പോകും. വ്യാപാരം, തീരുവകൾ, ഇറാൻ, തായ്‌വാൻ, കൃത്രിമ ബുദ്ധി (AI), നിർണായക ധാതുക്കൾ തുടങ്ങിയ വിഷയങ്ങളാകും പ്രധാന ചർച്ചാവിഷയങ്ങൾ.
ചൈനയുമായി ഇപ്പോൾ അമേരിക്ക മികച്ച രീതിയിൽ വ്യാപാരം നടത്തുകയാണ്. മുൻ ഭരണകാലങ്ങളിൽ അമേരിക്ക ചൂഷണത്തിന് ഇരയായിരുന്നുവെങ്കിലും ഇപ്പോൾ ചൈനയിലൂടെ വലിയ ലാഭം നേടുന്നുണ്ട് എന്നും ട്രംപ് വ്യക്തമാക്കി. യുഎസ്-ചൈന വ്യാപാരബന്ധം ശക്തിപ്പെടുത്തുക, സാമ്പത്തിക-ദേശീയ സുരക്ഷാ താൽപര്യങ്ങൾ വർധിപ്പിക്കുക എന്നിവയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസ്-ചൈന ബോർഡ് ഓഫ് ട്രേഡ്, ബോർഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് എന്നിവ രൂപീകരിക്കുന്നതും വ്യോമയാനം, കാർഷികം, ഊർജ മേഖലകളിലെ സഹകരണവും ചർച്ചയാകും. ഇറാനുമായുള്ള ചൈനയുടെ ബന്ധം, എണ്ണ വ്യാപാരം, റഷ്യയുമായി ബന്ധപ്പെട്ട കയറ്റുമതികൾ എന്നിവയിലും അമേരിക്ക ആശങ്ക ഉയർത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ നിലവിൽ വന്ന ഒരു വർഷത്തെ വ്യാപാര വെടിനർത്തൽ കരാർ നീട്ടുന്നതും ചർച്ചയാകും. എന്നാൽ അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.
Trump’s China visit: US President eyes ‘great things’ for both countries















