
ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം നാൾക്കുനാൾ വർദ്ധിച്ചുവരികയാണ്. എന്നാൽ കൃത്യമായ തയ്യാറെടുപ്പുകളില്ലാതെ അഭിമുഖത്തിൽ പങ്കെടുക്കുന്ന പലർക്കും നിരാശരായി മടങ്ങേണ്ടി വരുന്നു. യു.എസ് സ്റ്റുഡന്റ് വിസ (F1 Visa) അപേക്ഷകൾ വലിയ തോതിൽ നിരസിക്കപ്പെടുന്ന ഈ സാഹചര്യത്തിൽ, അടുത്ത തവണ അപേക്ഷിക്കുമ്പോൾ വിദ്യാർത്ഥികൾ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും പ്രൊഫൈൽ എങ്ങനെ ശക്തമാക്കാമെന്നതിനെക്കുറിച്ചും നിർണ്ണായക വിവരങ്ങൾ പങ്കുവെക്കുകയാണ് മുംബൈ കോൺസുലേറ്റിലെ മുൻ വിസ ഓഫീസർ യുവെറ്റ് ബൻസാൽ
ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം എഫ്1 സ്റ്റുഡൻ്റ് വിസ അപേക്ഷകളും ‘214(ബി)’ വകുപ്പ് പ്രകാരമാണ് നിരസിക്കപ്പെടുന്നത്. നിങ്ങൾ ഈ വിസ ദുരുപയോഗം ചെയ്യുമോ, പഠനത്തിനുള്ള സാമ്പത്തിക സ്രോതസ്സ് നിങ്ങൾക്കുണ്ടോ, നിങ്ങൾ ഒരു യഥാർത്ഥ വിദ്യാർത്ഥിയാണോ എന്നീ കാര്യങ്ങളിൽ വിസ ഓഫീസർക്ക് ബോധ്യം വരാത്ത സാഹചര്യത്തിലാണ് ഈ വകുപ്പ് ഉപയോഗിക്കുന്നത്.
വിസ നിരസിക്കുമ്പോൾ ഓഫീസർമാർ കുറിക്കുന്ന കുറിപ്പുകൾ (Notes)
വിസ അപേക്ഷ നിരസിക്കുമ്പോൾ ഓഫീസർമാർ രേഖപ്പെടുത്തുന്ന കുറിപ്പുകൾ നിങ്ങളുടെ റെക്കോർഡിൻ്റെ ഭാഗമായി മാറും. “ഈ വ്യക്തിയെക്കുറിച്ച് എനിക്ക് പൂർണ്ണ ഉറപ്പില്ല” എന്ന രീതിയിലുള്ള മൃദുവായ കുറിപ്പുകളാണെങ്കിൽ അടുത്ത തവണ വിസ ലഭിക്കാൻ എളുപ്പമായിരിക്കും. എന്നാൽ “ഈ വ്യക്തി എന്നോട് കള്ളം പറയുകയാണ്” എന്ന രീതിയിലുള്ള കർശനമായ കുറിപ്പുകളാണെങ്കിൽ പിന്നീട് വിസ ലഭിക്കുക പ്രയാസകരമാണ്. നിങ്ങളുടെ ഭാഗം വ്യക്തമാക്കാൻ വിൻഡോയിൽ സമയം കിട്ടാത്തതുകൊണ്ടോ പരിഭ്രമം കൊണ്ടോ ആണ് വിസ നിരസിച്ചതെങ്കിൽ നിങ്ങൾക്ക് വീണ്ടും ശ്രമിക്കാം. എന്നാൽ ഓഫീസർ 8-9 മിനിറ്റോളം വിശദമായി സംസാരിച്ച ശേഷമാണ് വിസ നിഷേധിച്ചതെങ്കിൽ, നിങ്ങളുടെ പ്രൊഫൈൽ കൂടുതൽ ശക്തമാക്കിയ ശേഷം മാത്രമേ ഇനി അപേക്ഷിക്കാവൂ.
ടൂറിസ്റ്റ് വിസയും സ്റ്റുഡൻ്റ് വിസയും
ടൂറിസ്റ്റ് വിസയ്ക്ക് (ബി1/ബി2) നാട്ടിലുള്ള സ്വത്തുക്കളാണ് പ്രധാനമായും പരിഗണിക്കുന്നത്. എന്നാൽ സ്റ്റുഡൻ്റ് വിസയ്ക്ക് (എഫ് 1) നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയും കുടുംബ ബിസിനസ്സുമാണ് കൂടുതൽ നോക്കുന്നത്. വിദേശത്ത് നിയമവിരുദ്ധമായി തങ്ങാൻ മുതിർന്നാൽ നാട്ടിൽ നിങ്ങൾക്ക് നഷ്ടപ്പെടാൻ ഏറെ കാര്യങ്ങളുണ്ടെന്ന് ഓഫീസർക്ക് ബോധ്യപ്പെടണം. ഇതാണ് നിങ്ങളുടെ മാതൃരാജ്യവുമായുള്ള ശക്തമായ ബന്ധമായി കണക്കാക്കുന്നത്.
വിസ നിരസിക്കപ്പെട്ടാൽ ഇനി എന്ത് ചെയ്യണം?
നിങ്ങളുടെ മാർക്കുകൾ നേരിട്ട് പരിശോധിക്കാൻ വിസ ഓഫീസർക്ക് കഴിയില്ല. അതിനാൽ മികച്ച ഒരു സർവ്വകലാശാലയിൽ നിന്നുള്ള അഡ്മിഷൻ നിങ്ങളുടെ യോഗ്യത തെളിയിക്കാൻ സഹായിക്കും. നിങ്ങളുടെ നിലവിലെ ബിരുദം, തുടർപഠനം, ഭാവി ലക്ഷ്യങ്ങൾ എന്നിവയെല്ലാം പരസ്പരം പൊരുത്തപ്പെടുന്നതായിരിക്കണം. ഇന്ത്യയിൽ വിസ നിരസിക്കപ്പെട്ടാൽ അടുത്ത അവസരത്തിനായി ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ സമയത്തിനുള്ളിൽ പുതിയ കോഴ്സുകൾ പഠിച്ച് കഴിവുകൾ വളർത്താനോ, ഇന്റേൺഷിപ്പ് ചെയ്യാനോ, നിലവിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ശമ്പളവർദ്ധനവ് നേടാനോ ശ്രമിക്കണം. ഇത് നിങ്ങളുടെ പ്രൊഫൈൽ അടുത്ത തവണ കൂടുതൽ ശക്തമാക്കും.
F1 visa rejected? Pay attention to these things before applying next time; Former visa officer with suggestions















