ലോസ് ആഞ്ചലസിലെ അഡ്വന്റിസ്റ്റ് ഹെൽത്ത് വൈറ്റ് മെമ്മോറിയൽ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാത്രി ഫെഡറൽ ഇമിഗ്രേഷൻ ഏജൻസിയായ ഐസിഇയുടെ ഉദ്യോഗസ്ഥർ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യ രാമനും നിലവിലെ മേയർ കാരൻ ബാസും നടപടിയെ അപലപിച്ചു. വൈദ്യചികിത്സയ്ക്കായി ഫെഡറൽ കസ്റ്റഡിയിലുള്ള ഒരാളെ ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. മുഖംമൂടി ധരിച്ച ഉദ്യോഗസ്ഥർ ഒരാളെ പിടിച്ചുകെട്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നതെന്ന് ഒരു ഉദ്യോഗസ്ഥൻ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
ശനിയാഴ്ച നൂറുകണക്കിനാളുകൾ മരിയാച്ചി പ്ലാസയിൽനിന്ന് ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നിത്യ രാമൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും കുടിയേറ്റാവകാശ സംഘടനകളും മാർച്ചിൽ പങ്കെടുത്തു. ട്രംപ് ഭരണകൂടത്തിന്റെ നടപടി ലോസ് ആഞ്ചലസ് നിവാസികളുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമാണെന്ന് രാമൻ പ്രതികരിച്ചു. ഐസിഇയുമായുള്ള കരാറുകൾ വെളിപ്പെടുത്തണമെന്നും കുടിയേറ്റ രോഗികൾക്ക് കൂടുതൽ സംരക്ഷണം ഉറപ്പാക്കണമെന്നും സ്റ്റേറ്റ് സെനറ്റർ മരിയ എലീന ദുരാസോയും കൗൺസിൽ അംഗം ഇസബെൽ ജുറാഡോയും ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.
കസ്റ്റഡിയിലുള്ള ഒരാളെ ചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലെത്തിച്ചതായി ആശുപത്രി സ്ഥിരീകരിച്ചു. എന്നാൽ ആംബുലൻസ് പ്രവേശനം തടയാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയോ അനുമതി നൽകുകയോ ചെയ്തിട്ടില്ലെന്നും ഇമിഗ്രേഷൻ നടപടികളിൽ ആശുപത്രിക്ക് പങ്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പ്രതിഷേധക്കാർ ആംബുലൻസ് പ്രവേശന മേഖലയിലേക്ക് കടന്നതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ലോസ് ആഞ്ചലസ് പൊലീസ് അറിയിച്ചു. ഫെഡറൽ ഇമിഗ്രേഷൻ നടപടികളിൽ പങ്കെടുത്തിട്ടില്ലെന്നും ആരെയും ഉദ്യോഗസ്ഥർക്കുവേണ്ടി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, ആശുപത്രികൾ, സ്കൂളുകൾ, പള്ളികൾ എന്നിവിടങ്ങളിൽ പരിശോധന നടത്താറില്ലെന്ന് ഐസിഇ പ്രതികരിച്ചു. ഉദ്യോഗസ്ഥർക്കെതിരായ വിമർശനം തെറ്റായ പ്രചാരണമാണെന്നും നിയമപരമായ ചുമതലകളാണ് ഏജന്റുമാർ നിർവഹിക്കുന്നതെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Two detained after anti-ICE protest outside Los Angeles hospital; Nithya Raman condemns federal operation












