60,000 പേർക്ക് എക്സിറ്റ് ഓഫർ ; തൊഴിലിടങ്ങൾ കീഴടക്കാൻ 2 കോടി AI ഏജൻ്റുമാരുമായി സത്യ നദെല്ല, മൈക്രോസോഫ്റ്റിൽ വൻ മാറ്റങ്ങൾ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കിടയിൽ ആഗോള ഐടി ഭീമനായ മൈക്രോസോഫ്റ്റിൽ വലിയ തൊഴിൽ പുനഃക്രമീകരണങ്ങൾക്ക് തുടക്കമാകുന്നു. കമ്പനിയിലെ ഏകദേശം 60,000 ജീവനക്കാർക്കായി ‘സ്വമേധയാ പിരിഞ്ഞുപോകൽ പദ്ധതി’ പ്രഖ്യാപിച്ച് രണ്ടാഴ്ച തികയുന്നതിന് മുൻപാണ്, ഭാവി തൊഴിലിടങ്ങളെക്കുറിച്ചുള്ള സിഇഒ സത്യ നദെല്ലയുടെ നിർണായക ദർശനങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ജൂണിൽ ലിങ്ക്ഡ്ഇൻ സഹസ്ഥാപകൻ റീഡ് ഹോഫ്മാനുമായി നടത്തിയ ഒരു അഭിമുഖത്തിലാണ്, ഭാവിയിൽ 2 ലക്ഷം മനുഷ്യരായ ജീവനക്കാർക്കൊപ്പം 20 ലക്ഷം മുതൽ 2 കോടി വരെ എഐ ഏജന്റുമാർ ഒന്നിച്ച് പ്രവർത്തിക്കുന്ന ഒരു തൊഴിൽ സംസ്കാരം സത്യ നദെല്ല വിഭാവനം ചെയ്തത്. മൈക്രോസോഫ്റ്റ് തങ്ങളുടെ ആഗോള തൊഴിലാളികളുടെ നാലിലൊന്നിലധികം വരുന്ന ആളുകൾക്കായി വോളന്ററി എക്സിറ്റ് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, ഈ പഴയ അഭിമുഖത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

ഇന്ത്യ, യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളിലെ ലെവൽ 70-ഉം അതിനു താഴെയുമുള്ള ജീവനക്കാർക്കാണ് മൈക്രോസോഫ്റ്റ് നിലവിൽ എക്സിറ്റ് ഓഫർ നൽകിയിരിക്കുന്നത്. ബിസിനസ്സ് ആവശ്യങ്ങൾക്കനുസരിച്ച് കമ്പനിയെ സജ്ജമാക്കാനുള്ള ഒരു സ്വാഭാവിക നടപടി മാത്രമാണിതെന്നാണ് മൈക്രോസോഫ്റ്റ് ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ വ്യക്തമാക്കുന്നത്. യോഗ്യരായവരിൽ 5 ശതമാനത്തിൽ താഴെ ആളുകൾ (ഏകദേശം 3,000 പേർ) മാത്രമേ ഈ ഓഫർ സ്വീകരിച്ച് പടിയിറങ്ങാൻ സാധ്യതയുള്ളൂ എന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. എങ്കിലും, കമ്പനി ഒരേസമയം എഐ ഇൻഫ്രാസ്ട്രക്ചറിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലും വൻതോതിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നതാണ് പുതിയ ആശങ്കകൾക്ക് കാരണം.

1980-കളിൽ കമ്പ്യൂട്ടറുകൾ ഓഫീസുകളിൽ എത്തിയപ്പോൾ ഉണ്ടായ തൊഴിൽപരമായ മാറ്റങ്ങളോടാണ് സത്യ നദെല്ല ഈ പുതിയ സാഹചര്യത്തെ ഉപമിക്കുന്നത്. മനുഷ്യരെ മാറ്റി പകരം പൂർണ്ണമായി എഐയെ പ്രതിഷ്ഠിക്കുകയല്ല, മറിച്ച് മനുഷ്യരും എഐ ഏജന്റുകളും തമ്മിലുള്ള മികച്ചൊരു സഹകരണമാണ് കമ്പനി ലക്ഷ്യമിടുന്നത്. ചെറിയ കോഡുകൾ എഴുതുന്നതിൽ നിന്ന് മാറി വലിയ ജോലികൾ സ്വയം ചെയ്യാൻ ശേഷിയുള്ള സ്വയംഭരണ സംവിധാനങ്ങളായി എഐ ഏജന്റുകൾ മാറിക്കഴിഞ്ഞു.

സാങ്കേതിക വിദ്യ വികസിക്കുമ്പോൾ ഏതൊക്കെ പുതിയ തൊഴിലുകൾ ഉണ്ടാകുമെന്നും, അവയ്ക്ക് എന്ത് ശമ്പളം ലഭിക്കുമെന്നും, അതിനായി തൊഴിലാളികൾ എങ്ങനെ പുതിയ കഴിവുകൾ വളർത്തിയെടുക്കണമെന്നും വിശദീകരിക്കാൻ സാങ്കേതിക കമ്പനികൾ തയ്യാറാകണമെന്ന് സത്യ നദെല്ല ആവശ്യപ്പെടുന്നു. എങ്കിലും, കേവലമൊരു ഉൽപ്പാദനക്ഷമത കൂട്ടാനുള്ള ഉപകരണം എന്നതിനപ്പുറം, എഐ ഏജന്റുകൾ തങ്ങളുടെ കരിയറിനെയും ശമ്പളത്തെയും എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയൊരു ചോദ്യചിഹ്നമാണ് ആഗോള ഐടി ജീവനക്കാർക്ക് മുന്നിൽ ഇപ്പോൾ ഉയരുന്നത്.

Exit offers for 60,000 employees; Satya Nadella aims to conquer workplaces with 20 million AI agents

More Stories from this section

family-dental
witywide