ചൈനീസ് ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യവസായിയുമായുള്ള എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിന്റെ അടുപ്പത്തെക്കുറിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട്. വിഷയത്തിൽ എൻവിഡിയ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുന്നതിന് മാസങ്ങൾക്കുമുമ്പായിരുന്നു ഇത്.
ചൈനയുടെ സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയം റിക്രൂട്ട് ചെയ്ത വ്യക്തിയാണ് ആലിസ് ഹുവാങ് എന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ കരുതിയിരുന്നതായും ഇവരുമായി ജെൻസൻ ഹുവാങിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും മുന്നറിയിപ്പ് നൽകിയുള്ള രഹസ്യ മെമ്മോ റൂബിയോയുടെ മേൽനോട്ടത്തിൽ തയ്യാറാക്കിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വസന്തകാലത്ത് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥർക്കാണ് മെമ്മോ കൈമാറിയത്.
സിംഗപ്പൂർ ആസ്ഥാനമായ ഡാറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡിലെ മുതിർന്ന എക്സിക്യൂട്ടീവാണ് ചൈനീസ് പൗരയായ ആലിസ് ഹുവാങ്. നിയന്ത്രണത്തിലുള്ള എൻവിഡിയ സെമികണ്ടക്ടർ ചിപ്പുകൾ അനധികൃതമായി ചൈനയിലേക്ക് കടത്തുന്നതിൽ കമ്പനിക്ക് പങ്കുണ്ടെന്ന് യുഎസ് ഉദ്യോഗസ്ഥർ സംശയിച്ചിരുന്നു. ആലിസ് ഹുവാങിനെ ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് നിരീക്ഷണത്തിലൂടെ ലഭിച്ച വിവരങ്ങളാണ് മെമ്മോയുടെ അടിസ്ഥാനമെന്നാണ് റിപ്പോർട്ട്.
വാർത്തകൾ പുറത്തുവന്നതിനു പിന്നാലെ എൻവിഡിയ ഡയറക്ടർ ബോർഡ് സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ചു. സ്വതന്ത്ര ഡയറക്ടർമാരുടെ സമിതിയും പുറത്തുനിന്നുള്ള നിയമോപദേശകരും ചേർന്നായിരിക്കും അന്വേഷണം നടത്തുക. യുഎസ് ദേശീയ സുരക്ഷയോ കമ്പനിയുടെ വ്യാപാര രഹസ്യങ്ങളോ ചോർന്നതായി വിശ്വസിക്കാൻ കാരണമില്ലെന്ന് ബോർഡ് വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് ജെൻസൻ ഹുവാങ് അറിയിച്ചതായും കമ്പനി പറഞ്ഞു.
ഭാര്യയോട് അവിശ്വസ്തത കാട്ടിയതായി ജീവനക്കാർക്ക് അയച്ച കത്തിൽ ഹുവാങ് സമ്മതിക്കുകയും കുടുംബത്തോടും സഹപ്രവർത്തകരോടും ക്ഷമ ചോദിക്കുകയും ചെയ്തു. തന്റെ പ്രവൃത്തികളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആലിസ് ഹുവാങിനെക്കുറിച്ചോ ബെയ്ജിങ്ങുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചോ കത്തിൽ പരാമർശിച്ചില്ല.
അതേസമയം, ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് എൻവിഡിയ മേധാവിയെ പിന്തുണച്ചു. ഹുവാങിനെ ആദരണീയനായ വ്യക്തിയെന്നും രാജ്യത്തിനുവേണ്ടി മികച്ച പ്രവർത്തനം നടത്തിയ ആളെന്നും വിശേഷിപ്പിച്ച ട്രംപ്, പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. ചാരപ്രവർത്തനത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങളിൽ നേരത്തെ നടപടിയെടുക്കാതിരുന്നതിൽ ഖേദമുണ്ടോയെന്ന ചോദ്യത്തിനും ഹുവാങിന് വിശദീകരണമുണ്ടാകുമെന്നായിരുന്നു ട്രംപിന്റെ മറുപടി.
63കാരനായ ജെൻസൻ ഹുവാങ് അന്വേഷണം പൂർത്തിയാകുന്നതുവരെ എൻവിഡിയയുടെ തലപ്പത്ത് തുടരും. ആഗോള നിർമിതബുദ്ധി (എഐ) മത്സരത്തിലെ നിർണായക കമ്പനിയായി മാറിയ എൻവിഡിയ, ചൈനയ്ക്ക് അത്യാധുനിക സെമികണ്ടക്ടർ സാങ്കേതികവിദ്യ ലഭിക്കുന്നത് നിയന്ത്രിക്കാനുള്ള വാഷിങ്ടണിന്റെ നീക്കങ്ങളിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
US secretary of state Marco Rubio had warned senior Trump administration officials about Nvidia CEO Jensen Huang’s alleged ties to a Chinese businesswoman suspected of working for Beijing’s intelligence agency














