രാഷ്ട്രീയ എതിരാളികളായ ജെയിംസ് കോമിയോടും നാൻസി പെലോസിയോടും ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽപ്പോലും ക്ഷമിക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്വർഗത്തിൽ പ്രവേശിക്കാനുള്ള നിബന്ധനയായാലും അവരോടുള്ള നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാത്രി സംപ്രേഷണം ചെയ്ത സിബിഎസ് ന്യൂസിന്റെ ‘60 മിനിറ്റ്സ്’ അഭിമുഖത്തിൽ, മരണശയ്യയിലായിരിക്കുമ്പോൾ പോലും എതിരാളികളോട് ക്ഷമിക്കാൻ കഴിയുമോയെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ട്രംപ്.
വ്യക്തികളോടുള്ള സ്നേഹത്തേക്കാൾ രാജ്യത്തോടുള്ള സ്നേഹത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോമിയും പെലോസിയും സത്യസന്ധതയില്ലാത്തവരും രാജ്യത്തിന് ദോഷം ചെയ്തവരുമാണെന്നാണ് തന്റെ വിലയിരുത്തലെന്നും ട്രംപ് വ്യക്തമാക്കി. ചില രാഷ്ട്രീയ എതിരാളികളോട് തനിക്ക് വെറുപ്പുണ്ടെന്നും ജീവിതകാലം മുഴുവൻ ആ വികാരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. മരണശേഷം എന്ത് സംഭവിക്കുമെന്നാണ് കരുതുന്നതെന്ന ചോദ്യത്തിന്, താൻ മതവിശ്വാസിയാണെന്നും സൈദ്ധാന്തികമായി സ്വർഗത്തിലേക്കാണ് പോകേണ്ടതെന്നും ട്രംപ് മറുപടി നൽകി.
കഴിഞ്ഞ പത്തുവർഷമായി നിരവധി രാഷ്ട്രീയ എതിരാളികൾക്കെതിരെ ട്രംപ് രൂക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം ഭരണകാലത്ത് ഇവരിൽ ചിലർ നിയമനടപടികളും നേരിട്ടു. മുൻ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമി, ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റീഷ്യ ജെയിംസ്, മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ എന്നിവർക്കെതിരെ ഫെഡറൽ തലത്തിൽ കേസുകളുണ്ടായി. ട്രംപിന്റെ ആദ്യ ഭരണകാലത്ത് റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകിയ കോമിക്കെതിരെ 12 മാസത്തിനിടെ രണ്ടുതവണ നീതിന്യായ വകുപ്പ് കുറ്റം ചുമത്തിയതായി സിബിഎസ് റിപ്പോർട്ട് ചെയ്തു.
2025 സെപ്റ്റംബറിലും ഈ വർഷം ഏപ്രിലിലുമായിരുന്നു നടപടികൾ. ആദ്യ കേസ് തള്ളിയെങ്കിലും സമൂഹമാധ്യമ പോസ്റ്റുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസ് തുടരുകയാണ്. രഹസ്യവിവരങ്ങൾ പുറത്തുവിട്ടെന്ന ആരോപണത്തിൽ മൂന്നാമതൊരു കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കവും ഫെഡറൽ പ്രോസിക്യൂട്ടർമാർ കഴിഞ്ഞ മാസം ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.
ട്രംപ് ഓർഗനൈസേഷനെതിരെ 2022ൽ സിവിൽ തട്ടിപ്പ് കേസിൽ വിധി നേടിയ ലെറ്റീഷ്യ ജെയിംസിനെതിരെയും ബാങ്ക് തട്ടിപ്പ്, ധനകാര്യ സ്ഥാപനങ്ങൾക്ക് തെറ്റായ വിവരങ്ങൾ നൽകിയെന്ന ആരോപണം തുടങ്ങിയവ ഉയർന്നിരുന്നു. എന്നാൽ ഈ കേസുകൾ കോടതി തള്ളിയതായി സിബിഎസ് റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ ആദ്യ ഭരണകാലത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോൺ ബോൾട്ടനാണ് ക്രിമിനൽ വിചാരണയിൽ ശിക്ഷാനടപടി നേരിട്ട ഏക വ്യക്തി. രഹസ്യരേഖകൾ കൈവശംവെച്ച കേസിൽ ജൂണിൽ കുറ്റം സമ്മതിച്ച അദ്ദേഹം അടുത്ത മാസം ശിക്ഷാവിധി നേരിടും.
‘I do hate some of them’: Trump says he won’t forgive enemies like James Comey, Nancy Pelosi even on his deathbed













