അമേരിക്കയിൽ ഹെയ്തി സ്വദേശിയായ എട്ടുവയസ്സുകാരനെ ബന്ധുക്കളിൽനിന്ന് മാറ്റി ഒറ്റയ്ക്ക് ഫെഡറൽ കസ്റ്റഡിയിലാക്കി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐസിഇ). താൽക്കാലിക സംരക്ഷണ പദവി നഷ്ടമായ കുട്ടിയെ വ്യാഴാഴ്ച അമ്മാവനൊപ്പം ഇമിഗ്രേഷൻ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. സാൻ ഡിയാഗോയിലെ ഫേ എലിമെന്ററി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ് കുട്ടി.
2025ൽ പിതാവിനെ മെക്സിക്കോയിലേക്ക് നാടുകടത്തിയതിനു പിന്നാലെ അമ്മാവനും ബന്ധുക്കൾക്കുമൊപ്പമായിരുന്നു കുട്ടിയുടെ താമസം. നിയമനടപടികൾ പാലിക്കാനാണ് അമ്മാവൻ കുട്ടിയെ ഐസിഇ ഉദ്യോഗസ്ഥരെ കാണിക്കാൻ കൊണ്ടുപോയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അമ്മാവൻ നിയമപരമായ രക്ഷാകർതൃത്വം നേടിയിട്ടില്ലാത്തതിനാൽ കുട്ടിയെ ഒപ്പമില്ലാത്ത പ്രായപൂർത്തിയാകാത്ത കുടിയേറ്റക്കാരനായി കണക്കാക്കിയെന്നാണ് ഐസിഇയുടെ വിശദീകരണം.
കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് ബന്ധുക്കളുടെ വീട്ടിൽനിന്ന് മാറ്റി അഭയാർഥി പുനരധിവാസ ഓഫീസിന്റെ (ഒആർആർ) സംരക്ഷണത്തിലാക്കിയെന്നും അധികൃതർ വ്യക്തമാക്കി. അമ്മാവനെതിരെ കുട്ടിയെ ഉപദ്രവിച്ചതായോ മറ്റ് നിയമലംഘനങ്ങൾ നടത്തിയതായോ ആരോപണമില്ല. കുട്ടി നിലവിൽ ഒആർആറിന്റെ കസ്റ്റഡിയിലാണ്. അമേരിക്കയിൽനിന്ന് നാടുകടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.
കുട്ടിയെ ബന്ധുക്കളിൽനിന്ന് മാറ്റാൻ ഐസിഇ നിയമത്തെ ന്യായീകരണമായി ഉപയോഗിക്കുകയാണെന്ന് ഹെയ്തിയൻ ബ്രിഡ്ജ് അലയൻസ് മേധാവി ഗെർലിൻ ജോസഫ് ആരോപിച്ചു. കുടിയേറ്റവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ പേരിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കരുതെന്നും സാൻ ഡിയാഗോ സ്കൂൾ അധികൃതർ ആഭ്യന്തര സുരക്ഷാ വകുപ്പിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
ICE removes 8-year-old Haitian boy from care of relatives, places him in federal custody alone













