അമേരിക്കയിൽ വീണ്ടും സ്കൂളിൽ വെടിവെപ്പ്: ജോർജിയയിൽ വിദ്യാർത്ഥിക്ക് പരിക്ക്; കൗമാരക്കാരൻ പിടിയിൽ

അറ്റ്ലാൻ്റ: അമേരിക്കയിലെ ജോർജിയയിലുള്ള വാർണർ റോബിൻസ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് വെടിവെപ്പ്. സംഭവത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്കേറ്റു. വെടിവെപ്പിന് ശേഷം സ്കൂളിൽ നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയായ മറ്റൊരു ഒമ്പതാം ക്ലാസുകാരനെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു.

പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അറ്റ്ലാൻ്റയിൽ നിന്നും ഏകദേശം 164 കിലോമീറ്റർ അകലെയുള്ള സ്കൂളിലെ ബാത്ത്റൂമിൽ വെച്ചാണ് അനിഷ്ട സംഭവങ്ങളുടെ തുടക്കം. ഒരു കൂട്ടം വിദ്യാർത്ഥികൾ നോക്കിനിൽക്കെ രണ്ട് പേർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും അത് കൈയാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. ഉച്ചയ്ക്ക് 2.15-ഓടെയാണ് ഒരു വിദ്യാർത്ഥിക്ക് നേരെ വെടിയുതിർത്ത ശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് ഓടിയത്.

ശബ്ദം കേട്ട് ഉടനടി എത്തിയ സ്കൂൾ റിസോഴ്സ് ഓഫീസർ പരിക്കേറ്റ വിദ്യാർത്ഥിക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകി രക്തസ്രാവം നിയന്ത്രിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി വിദ്യാർത്ഥിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്കൂളിന് 800 മീറ്റർ അകലെയുള്ള പരിസരപ്രദേശത്തുനിന്നും പ്രതിയെ പൊലീസ് സംഘം പിടികൂടി. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതൽ പരിശീലനങ്ങളും പാലിച്ചതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായതെന്ന് ഷെരീഫ് മാറ്റ് മൗൾട്ടൺ വ്യക്തമാക്കി.

അടിയന്തര സാഹചര്യ കണക്കിലെടുത്ത് വ്യാഴം, വെള്ളി ദിവസങ്ങളിൽ സ്കൂളിന് അവധി പ്രഖ്യാപിച്ചതായി ഹൂസ്റ്റൺ കൗണ്ടി സ്കൂൾ സൂപ്രണ്ട് റിച്ചാർഡ് റോജേഴ്സ് അറിയിച്ചു. വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമായി കൗൺസിലിംഗ് സൗകര്യം ഏർപ്പെടുത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Another school shooting in America: Student injured in Georgia; Teenager arrested

More Stories from this section

family-dental
witywide