
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർണായക കരാർ നടപ്പിലാക്കുന്നതിനും ഇരുരാജ്യങ്ങളെയും ചർച്ചാ മേശയിലെത്തിക്കുന്നതിനുമായി പാകിസ്ഥാൻ സജീവമായി ഇടപെടുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസങ്ങളും തർക്കങ്ങളും പരിഹരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നയതന്ത്ര നീക്കങ്ങളെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് താഹിർ അന്ദ്രാബി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മേഖലയിൽ സമാധാന അന്തരീക്ഷം സംജാതമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 10-ന് പാകിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇറാൻ, സൗദി അറേബ്യ, കുവൈറ്റ് എന്നീ രാജ്യങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. പാകിസ്ഥാൻ, ഇറാൻ വിദേശകാര്യ മന്ത്രിമാർ മേഖലയിലെ സുസ്ഥിരത ഉറപ്പാക്കുന്ന കാര്യത്തിൽ ആശയവിനിമയം നടത്തി. ഇതിന് പുറമെ പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി നിലവിൽ ടെഹ്റാൻ സന്ദർശിക്കുന്നുണ്ട്.
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സന്ദർശനം സഹായിക്കുമെന്ന് വക്താവ് വ്യക്തമാക്കി. സൗദി അറേബ്യയുമായുള്ള തന്ത്രപ്രധാനമായ കൂട്ടായ്മ കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ‘മക്ക സംയുക്ത പ്രതിരോധ കരാറിൽ’ പാകിസ്ഥാൻ പങ്കാളിയായതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു. ചർച്ചകൾ അട്ടിമറിക്കാനുള്ള ഏതൊരു നീക്കത്തെയും പ്രതിരോധിച്ചുകൊണ്ട് മേഖലയിൽ സമാധാനം കൊണ്ടുവരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് പാകിസ്ഥാൻ വ്യക്തമാക്കി.















