അന്താരാഷ്ട്ര മനുഷ്യക്കടത്ത്: കാനഡയിൽ നിന്ന് ഇന്ത്യക്കാരെ യുഎസിലേക്ക് കടത്തിയ ന്യൂയോർക്ക് സ്വദേശിനി കുറ്റം സമ്മതിച്ചു, അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും

വാഷിംഗ്ടൺ: കാനഡയിൽ നിന്ന് യുഎസിലേക്ക് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘം വഴി ഇന്ത്യക്കാരെ നിയമവിരുദ്ധമായി കടത്തിയ കേസിൽ ന്യൂയോർക്ക് സ്വദേശിനി സ്റ്റേസി ടെയ്‌ലർ (43) കുറ്റക്കാരിയാണെന്ന് കോടതിയിൽ സമ്മതിച്ചു. അതിർത്തി കടന്നെത്തുന്ന കുടിയേറ്റക്കാരെ വാഹനങ്ങളിൽ കയറ്റി യുഎസിൻ്റെ ഉൾപ്രദേശങ്ങളിലേക്ക് എത്തിക്കുന്നതായിരുന്നു ഇവരുടെ ചുമതല. ലാഭം മാത്രം ലക്ഷ്യമിട്ട് നടത്തിയ മനുഷ്യക്കടത്ത് ഗൂഢാലോചനയിൽ തനിക്കുള്ള പങ്ക് ഇവർ ഫെഡറൽ കോടതിയിൽ തുറന്നുപറഞ്ഞു.

2025 ജനുവരി 20-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ന്യൂയോർക്കിലെ ചുറുബുസ്കോയ്ക്ക് സമീപം അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിലാണ് സ്റ്റേസി ടെയ്‌ലറുടെ വാഹനം കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉൾപ്പെടെ നാല് പുരുഷന്മാരാണ് ഉണ്ടായിരുന്നത്. വനമേഖലയിലൂടെ കാൽനടയായി അതിർത്തി കടന്നെത്തിയ ഇവരെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സ്റ്റേസി തൻ്റെ വാഹനത്തിൽ കയറ്റുകയായിരുന്നു.

തുടർന്ന് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണസംഘം നടത്തിയ പരിശോധനയിലാണ് അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിൻ്റെ ഇടപെടലുകൾ പുറത്തുവന്നത്. അതിർത്തി കടന്നെത്തുന്നവരുടെ കൃത്യമായ ലൊക്കേഷനും അവരെ എവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകണം എന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും ഫോണിൽ കോഡിങ് രൂപത്തിൽ ലഭിച്ചിരുന്നു. ഇന്ത്യക്കാർ അതിർത്തി കടന്ന് യുഎസ് മണ്ണിൽ എത്തിയ ശേഷമുള്ള സുരക്ഷിത യാത്ര ഒരുക്കുക എന്നതായിരുന്നു സ്റ്റേസിയുടെ ചുമതല.

നാല് കുടിയേറ്റക്കാരെ കടത്തിയതിന് പകരമായി വൻ തുക പ്രതിഫലമായി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി സ്റ്റേസി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് മുൻ ദിവസങ്ങളിലും ഇവർ സമാനമായ രീതിയിൽ മനുഷ്യക്കടത്ത് നടത്തിയിരുന്നതായി തെളിഞ്ഞു. ജനുവരിയിലെ അറസ്റ്റിന് ശേഷവും മാഫിയ സംഘങ്ങളുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ഇവർ തയ്യാറായിരുന്നില്ല. തുടർന്ന് 2025 ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലും ഇവർ വീണ്ടും മനുഷ്യക്കടത്ത് നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി.

മനുഷ്യക്കടത്തിനായുള്ള ഗൂഢാലോചന, ലാഭത്തിനായി മനുഷ്യക്കടത്ത് നടത്തൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിൽ വരാനിരിക്കുന്ന ഡിസംബർ 3-ന് കോടതി ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. യുഎസ് സെൻ്റൻസിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പരിഗണിച്ചാകും ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അന്തിമ വിധി പ്രസ്താവിക്കുക.

അതിർത്തിയുടെ ഇരുവശങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന വൻകിട ഗ്യാങ്ങുകളാണ് ഇത്തരം മനുഷ്യക്കടത്തുകൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. കടുത്ത മഞ്ഞുവീഴ്ചയും പ്രതികൂല കാലാവസ്ഥയും വകവെക്കാതെയാണ് ഏജൻ്റുമാർ ആളുകളെ അതിർത്തി കടത്തുന്നത്.

2022 ജനുവരിയിൽ ഇത്തരത്തിൽ കാനഡയിൽ നിന്ന് യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊടും തണുപ്പിൽ അകപ്പെട്ട് ഒരു ഇന്ത്യൻ കുടുംബത്തിലെ നാല് പേർ അതിർത്തിക്ക് സമീപം മരവിച്ചു മരിച്ചിരുന്നു. ഗുജറാത്ത് സ്വദേശികളായ ജഗദീഷ് പട്ടേൽ (39), ഭാര്യ വൈശാലിബെൻ (37), മക്കളായ വിഹാംഗി (11), ധാർമിക് (3) എന്നിവരാണ് അന്ന് മൈനസ് 38 ഡിഗ്രി സെൽഷ്യസ് തണുപ്പിൽ മരണപ്പെട്ടത്. ഈ ദാരുണ സംഭവത്തിൽ മനുഷ്യക്കടത്തിന് നേതൃത്വം നൽകിയ ഹർഷ്കുമാർ രമൺലാൽ പട്ടേൽ, സ്റ്റീവ് ആൻ്റണി ഷാൻഡ് എന്നിവരെ 2025-ൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചിരുന്നു.

International human trafficking: New York woman pleads guilty to smuggling Indians from Canada to US, could face up to five years in prison

More Stories from this section

family-dental
witywide