
വാഷിംഗ്ടൺ: മിഡിൽ ഈസ്റ്റിലെ നീണ്ടുപോകുന്ന സേവനകാലയളവും കഠിനമായ ജീവിതസാഹചര്യങ്ങളും കാരണം യുഎസ് നാവികസേനയുടെ ‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനിക്കപ്പലിൽ കടുത്ത മാനസികാരോഗ്യ പ്രതിസന്ധി നിലനിൽക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായ സമ്മർദ്ദങ്ങളെത്തുടർന്ന് കപ്പലിലെ ചില നാവികർ കടലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങളായ ‘ദി ഗാർഡിയൻ’, ‘ദി ഹിൽ’ എന്നിവ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു. നിലവിലെ സാഹചര്യങ്ങൾ താങ്ങാനാവാത്ത അവസ്ഥയിലാണെന്ന് സൈനികരുടെ കുടുംബങ്ങളും യുഎസ് ജനപ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന കപ്പലിലെ ഏകദേശം 5,000-ത്തോളം വരുന്ന നാവികരും മറൈനുകളും തുടർച്ചയായി 250 ദിവസത്തിലധികമായി കടലിൽ തുടരുകയാണ്. കഴിഞ്ഞ മെയ് മാസത്തിൽ കാലാവധി പൂർത്തിയാക്കി മടങ്ങേണ്ടിയിരുന്ന കപ്പലിൻ്റെ വിന്യാസം യുഎസ് ഭരണകൂടം വീണ്ടും നീട്ടുകയായിരുന്നു. ഇത്രയും നീണ്ട കാലയളവിനിടയിൽ ഗ്വാമിലും ഒമാനിലുമായി വെറും രണ്ട് ദിവസം മാത്രമാണ് നാവികർക്ക് തീരത്തിറങ്ങാൻ സാധിച്ചത്.
ഭക്ഷണ-വെള്ളക്ഷാമം, തകരാറിലായ ശൗചാലയങ്ങൾ, ആഴ്ചകളോളം പ്രവർത്തിക്കാത്ത അലക്കു സംവിധാനങ്ങൾ, പൂപ്പൽ പിടിച്ച മുറികൾ, ചൂടുവെള്ളത്തിൻ്റെ അഭാവം എന്നിവ കപ്പലിലെ ജീവിതം ദുസ്സഹമാക്കുന്നതായി ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം മൈക്ക് ലെവിൻ ചൂണ്ടിക്കാണിച്ചു. സൈനികരുടെ മാനസികാവസ്ഥ തകർന്ന നിലയിലാണെന്നും, “നാളെ രാവിലെ താൻ ഉണരാതിരുന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു” എന്ന് ഒരു നാവികൻ ഭാര്യയ്ക്ക് സന്ദേശം അയച്ചതായും സാൻ ഡീഗോയിൽ നടന്ന കുടുംബാംഗങ്ങളുടെ യോഗത്തിൽ വെളിപ്പെടുത്തലുണ്ടായി.
അതേസമയം, കപ്പലിൽ സാഹചര്യങ്ങൾ മോശമാണെന്ന വാർത്തകൾ വ്യാജമാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുൻപ് പറഞ്ഞിരുന്നു. ഇതിനെതിരെ കടുത്ത വിമർശനവുമായി മൈക്ക് ലെവിൻ രംഗത്തെത്തി. രാജ്യത്തെ സേവിക്കാനിറങ്ങിയ സൈനികർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ പ്രതിരോധ സെക്രട്ടറിക്ക് കഴിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ കപ്പലിൽ ആത്മഹത്യാ പ്രവണതയോ മാനസികാരോഗ്യ പ്രശ്നങ്ങളോ വർദ്ധിച്ചിട്ടില്ലെന്നാണ് യുഎസ് നാവികസേനയുടെ ഔദ്യോഗിക വിശദീകരണം. കപ്പലിൽ ആവശ്യത്തിന് ഭക്ഷണവും വെള്ളവും എയർകണ്ടീഷണർ സൗകര്യവും ലഭ്യമാണെന്നും, സൈനികരെ സഹായിക്കാൻ കൗൺസിലർമാരും മതഗുരുക്കളും ഒപ്പമുണ്ടെന്നും നാവികസേനാ വക്താവ് അറിയിച്ചു. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ ഇറാന് എതിരെയുള്ള നീക്കങ്ങളുടെ ഭാഗമായാണ് കപ്പൽ അവിടെ തുടരുന്നത്. കപ്പലിൻ്റെ മടക്കയാത്രയെക്കുറിച്ച് വ്യക്തതയില്ലാത്തത് വരും ദിവസങ്ങളിലും ആശങ്ക വർദ്ധിപ്പിക്കാൻ ഇടയാക്കും.
US sailors in the Middle East under severe mental stress after 250 days at sea















