
വാഷിംഗ്ടൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുകയും പിന്നീട് ജയിലിൽ വെച്ച് ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും ചെയ്ത ജെഫ്രി എപ്സ്റ്റീൻ്റെ ഇരകളുമായി യു.എസ്. ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് കൂടിക്കാഴ്ച നടത്തി. ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൽ വെച്ച് നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു.
എപ്സ്റ്റീൻ്റെ ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും അവർക്കെതിരെ കുറ്റകൃത്യങ്ങൾ ചെയ്ത ആരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് പ്രതിജ്ഞാബദ്ധമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ബ്ലാഞ്ച് മാധ്യമങ്ങളോട് പറഞ്ഞു. ഇരകളുടെ പക്കൽ പുതിയ തെളിവുകളോ വിവരങ്ങളോ ഉണ്ടെങ്കിൽ എഫ്.ബി.ഐയെ സമീപിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. എഫ്.ബി.ഐ പ്രതിനിധികളും ഹ്യൂമൻ ട്രാഫിക്കിങ് വിഭാഗത്തിലെ വിദഗ്ധരായ പ്രൊസിക്യൂട്ടർമാരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
യു.എസ്. അറ്റോർണി ജനറലായുള്ള ടോഡ് ബ്ലാഞ്ചിന്റെ ഔദ്യോഗിക നിയമന അംഗീകാരം സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ബ്ലാഞ്ചിന്റെ നിയമനത്തിന് വോട്ട് ലഭിക്കാൻ എപ്സ്റ്റീൻ്റെ ഇരകളുമായി അദ്ദേഹം നേരിട്ട് ചർച്ച നടത്തണമെന്ന് കമ്മിറ്റിയിലെ പ്രമുഖ റിപ്പബ്ലിക്കൻ സെനറ്ററായ തോം ടിലിസ് കർശന നിബന്ധന വെച്ചിരുന്നു.
തങ്ങളെ നേരിട്ട് കണ്ട് സംസാരിക്കാൻ ബ്ലാഞ്ച് ഇതുവരെ തയ്യാറായിട്ടില്ലെന്ന് എപ്സ്റ്റീൻ്റെ ഇരയായ ഡാനി ബെൻസ്കി കഴിഞ്ഞ ദിവസം കമ്മിറ്റിക്ക് മുൻപിൽ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ടിലിസ് നിലപാട് കടുപ്പിച്ചത്. ഇതോടെയാണ് അടിയന്തരമായി ഇരകളുമായി കൂടിക്കാഴ്ച നടത്താൻ ബ്ലാഞ്ച് തയ്യാറായത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ച ബ്ലാൻഷ്, ഇരകളുടെ ഭാഗത്തുനിന്ന് സ്വാഭാവികമായ നിരാശയും വിഷമവും ഉണ്ടായിരുന്നുവെങ്കിലും യോഗം സമാധാനപരമായിരുന്നുവെന്ന് വ്യക്തമാക്കി.
“അവർ ആഗ്രഹിക്കുന്ന ഒരു കാര്യം, അതായത് പൂർണ്ണമായ നീതി, അവർക്ക് നൽകാൻ എനിക്ക് സാധിക്കുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടുതന്നെ അന്തരീക്ഷം പൂർണ്ണമായും സൗഹാർദ്ദപരമായിരുന്നില്ല. എന്നാൽ നിയമനടപടികളിലൂടെ അവർക്ക് നീതി ഉറപ്പാക്കാൻ തന്നെയാണ് എൻ്റെ ശ്രമം.” — ടോഡ് ബ്ലാഞ്ച് വ്യക്തമാക്കി.
ഇരകളുടെ ആശങ്കകൾ കേൾക്കുക എന്നതായിരുന്നു കൂടിക്കാഴ്ചയുടെ പ്രധാന ലക്ഷ്യമെന്നും കേസുമായി ബന്ധപ്പെട്ട് മുൻപ് നൽകിയ വിവരങ്ങൾ ഡിപ്പാർട്ട്മെൻ്റ് വീണ്ടും വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിഭാഷകരുള്ള ഇരകളെ നേരിട്ട് കാണാൻ സാങ്കേതിക തടസ്സങ്ങളുണ്ടെന്ന മുൻ നിലപാട് തിരുത്തിക്കൊണ്ടാണ് യു.എസ്. ആക്ടിങ് അറ്റോർണി ജനറൽ ഈ കൂടിക്കാഴ്ച നടത്തിയത്.
US Acting Attorney General Todd Blanche meets with Epstein case victims; crucial move as appointment approval in crisis















