
വാഷിംഗ്ടൺ: നവംബർ മൂന്നിന് നടക്കുന്ന യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി മിഷിഗണിലെ പോർട്ട് ഹ്യൂറണിൽ നടന്ന പ്രചാരണ റാലിയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദിനെതിരെ വംശീയവും വർഗീയവുമായ കടുത്ത അധിക്ഷേപ പരാമർശങ്ങൾ നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് സെനറ്റിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അബ്ദുൾ എൽ-സയീദിനെ ‘ജിഹാദിയായ മുസ്ലിം ബ്രദർഹുഡ് അംഗം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, ഇയാൾ യുഎസ് സെനറ്ററാകുന്നത് തടയാനാണ് താൻ ഇവിടെ എത്തിയിരിക്കുന്നതെന്നും കൂട്ടിച്ചേർത്തു.
റാലിയിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർത്ഥി മൈക്ക് റോജേഴ്സ്, ഗവർണർ സ്ഥാനാർത്ഥി ജോൺ ജെയിംസ് എന്നിവർക്കായി ട്രംപ് വോട്ട് അഭ്യർത്ഥിച്ചു. അതേസമയം, ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും ഈ പരാമർശങ്ങൾക്കെതിരെ ഡെമോക്രാറ്റിക് നേതാക്കൾ ശക്തമായി രംഗത്തെത്തി. ഭവന നിർമ്മാണം, ആരോഗ്യ മേഖല, സാമ്പത്തിക അസമത്വം തുടങ്ങിയ വികസന വിഷയങ്ങളിൽ പറയാൻ ഒന്നുമില്ലാത്തതിനാലാണ് ട്രംപും സഖ്യകക്ഷികളും മുസ്ലിം വിരുദ്ധതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതെന്ന് ഗ്രാൻഡ് റാപ്പിഡ്സിൽ നടന്ന റാലിയിൽ ഡെമോക്രാറ്റിക് സെനറ്റർ ബർണി സാണ്ടേഴ്സ് വിമർശിച്ചു.
കഴിഞ്ഞ ദിവസം മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ അബ്ദുൾ എൽ-സയീദ്, മിഷിഗൺ ഗവർണർ സ്ഥാനാർത്ഥി ജോസ്ലിൻ ബെൻസൺ എന്നിവർക്കായി ഡെട്രോയിറ്റിൽ പ്രചാരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, വൈസ് പ്രസിഡന്റ് ജെഡി വാൻസ് വരും ദിവസങ്ങളിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്കായി മിഷിഗണിൽ കൂടുതൽ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരങ്ങൾ.












