നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിൽ പ്രതിഷേധം; നോർവേയ്‌ക്കെതിരെ അധിക്ഷേപ പരാമർശവുമായി ട്രംപ്

വാഷിങ്ടൺ: നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നോർവേയ്‌ക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നോർവേയെ ‘വൃത്തികെട്ട രാജ്യം’ എന്ന് വിശേഷിപ്പിച്ച ട്രംപ്, അവിടെനിന്നുള്ള കുടിയേറ്റക്കാരെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്യില്ലെന്നും പറഞ്ഞു. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി മിഷിഗണിൽ ഞായറാഴ്ച നടന്ന രാഷ്ട്രീയ റാലിയിലായിരുന്നു ട്രംപിന്റെ പരാമർശം. ചില രാജ്യങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ സ്വാഗതം ചെയ്യുമെങ്കിലും നോർവേയിൽനിന്നുള്ളവരെ സ്വീകരിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

“എനിക്ക് നൊബേൽ സമ്മാനം ലഭിച്ചില്ല. അതുകൊണ്ട് നോർവേയിൽനിന്ന് ആരെയും വേണ്ട,” എന്ന് ട്രംപ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ, നോർവേയിൽനിന്നുള്ള കുടിയേറ്റക്കാരെ സംബന്ധിച്ച് പുതിയ ഔദ്യോഗിക നയം ട്രംപ് ഭരണകൂടം സ്വീകരിച്ചതായി സൂചനകളില്ല. ട്രംപിന്റെ പരാമർശത്തോട് പ്രതികരിച്ച നോർവേ വിദേശകാര്യ മന്ത്രി എസ്പൻ ബാർത്ത് ഐഡെ, നൊബേൽ കമ്മിറ്റി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കി. നൊബേൽ കമ്മിറ്റി സ്വതന്ത്രമാണെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. സംശയമുള്ളവർക്കായി ഇക്കാര്യം ഞങ്ങൾ ഓർമിപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതിൽ മാറ്റമില്ല എന്ന് അദ്ദേഹം നോർവേയുടെ ദേശീയ വാർത്താ ചാനലായ എൻആർകെയോട് പറഞ്ഞു.

അതേസമയം, നൊബേൽ സമാധാന പുരസ്‌കാരം ലഭിക്കാത്തതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. പുരസ്‌കാരം നൽകാത്തത് അപമാനകരവും ലജ്ജാകരവുമായ തീരുമാനമാണെന്നും അത് നോർവേയുടെ പേരിൽ മായാത്ത കളങ്കം സൃഷ്ടിച്ചെന്നും നേരത്തേ അദ്ദേഹം പ്രതികരിച്ചിരുന്നു. ഈ വർഷത്തെ നൊബേൽ സമാധാന പുരസ്‌കാരം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐസിസി) മുൻ ജഡ്ജിയായ നവി പിള്ളയ്ക്ക് ലഭിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ വിമർശനം.

ഇത് നോർവേയ്ക്കും ഇത്തരമൊരു അപമാനകരവും ലജ്ജാകരവുമായ തീരുമാനമെടുത്തവർക്കും മായാത്ത കളങ്കമാണ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഐസിസിയുടെ മുൻ ജഡ്ജിമാർക്ക് നൊബേൽ സമാധാന പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ ട്രംപ് ഭരണകൂടം കോടതിക്കെതിരെ ഉപരോധ നടപടികൾ സ്വീകരിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Trump now targets Norway, hurls abuses over Nobel Peace Prize snub

More Stories from this section

family-dental
witywide