വെടിനിർത്തൽ ലംഘിച്ച് യുഎസ് ആക്രമണം; ഗുരുതര കരാർ ലംഘനമെന്ന് ഇറാൻ

വെടിനിർത്തൽ കരാർ നിലനിൽക്കുന്നതിനിടെ അമേരിക്ക നടത്തിയ പുതിയ വ്യോമാക്രമണങ്ങളെതിരെ കടുത്ത പ്രതിഷേധവുമായി ഇറാൻ. യുഎസ് നടപടി “ഗുരുതരമായ വെടിനിർത്തൽ ലംഘനമാണെന്ന്” ഇറാൻ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. എന്നാൽ, തെക്കൻ ഇറാനിൽ ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളെയും മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളെയും ലക്ഷ്യമിട്ട് “സ്വയംരക്ഷാ ആക്രമണം” നടത്തിയതായാണ് അമേരിക്കൻ സെൻട്രൽ കമാൻഡ് (Centcom) വ്യക്തമാക്കിയത്.

ഹോർമോസ്ഗാൻ മേഖലയിലെ ആക്രമണങ്ങൾക്ക് അമേരിക്ക തന്നെ ഉത്തരവാദിയാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ലോകത്തെ നിർണായക എണ്ണഗതാഗത പാതയായ ഹോർമൂസ് കടലിടുക്കിനോട് ചേർന്ന പ്രദേശമാണിത്. ഇറാൻ ഈ കടലിടുക്ക് തടഞ്ഞതോടെ ആഗോള എണ്ണവില ഉയർന്നിരുന്നു.“ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ യാതൊരു ആക്രമണവും മറുപടി കൂടാതെ വിടില്ല,” എന്നാണ് ഇറാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

അതേസമയം, ബന്ദർ അബ്ബാസ് തുറമുഖ നഗരത്തിന് സമീപമാണ് പുതിയ ആക്രമണം നടന്നതെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടന ശബ്ദങ്ങൾ കേട്ടതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചതായി ഇറാൻ സർക്കാർ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയതായും ഇറാനിയൻ വ്യോമപരിധിയിൽ കടന്ന യുദ്ധവിമാനത്തിന് നേരെ വെടിയുതിർന്നതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

നിലവിലെ വെടിനിർത്തൽ കരാർ ദീർഘിപ്പിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് പുതിയ സംഘർഷം. ചർച്ചകളിലൂടെ ധാരണയിലെത്താൻ ഇപ്പോഴും സാധ്യതയുണ്ടെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞിരുന്നു. 60 ദിവസത്തെ വെടിനിർത്തൽ ദീർഘിപ്പിക്കൽ, ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കൽ, ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചുള്ള തുടർചർച്ചകൾ എന്നിവ ഉൾപ്പെടുന്ന ധാരണാപത്രമാണ് പരിഗണനയിലുള്ളതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇതിനിടെ, വിദേശത്ത് മരവിപ്പിച്ചിരിക്കുന്ന ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കണമെന്ന ആവശ്യം ചർച്ചകളിലെ പ്രധാന തടസ്സങ്ങളിലൊന്നായി തുടരുകയാണ്. ഇറാൻ ആണവായുധ നിർമാണത്തിനായി യുറേനിയം സമ്പുഷ്ടമാക്കുകയാണെന്ന് അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും ആരോപിക്കുമ്പോൾ, തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കായുള്ളതാണെന്ന നിലപാടിലാണ് ഇറാൻ.

ഫെബ്രുവരി 28 നാണ് യുഎസും ഇസ്രയേലും ചേർന്ന് ഇറാനെതിരെ വ്യാപക ആക്രമണം ആരംഭിച്ചത്. രാജ്യത്തിന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ട ആക്രമണവും ഇതിലുണ്ടായിരുന്നു. ശേഷം ആഴ്ചകളോളം നീണ്ട സംഘർഷങ്ങൾക്ക് പിന്നാലെ ഏപ്രിൽ 8നാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.

US attack violates ceasefire; Iran says it is a serious violation of the agreement

More Stories from this section

family-dental
witywide