
സനാ / റിയാദ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതരും സൗദി അറേബ്യയും തമ്മിൽ പോരാട്ടം ശക്തമാകുന്നത് യുഎസ് – ഇറാൻ യുദ്ധത്തിൽ മറ്റൊരു നിർണ്ണായക മുന്നണി തുറക്കാൻ വഴിയൊരുക്കുന്നു. ഇത് ആഗോള എണ്ണ വിപണിയെയും സാമ്പത്തിക മേഖലയെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന ആശങ്ക വർദ്ധിപ്പിച്ചു. അയത്തൊള്ള അലി ഖൊമൈനിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന ഉയർന്ന ഹൂതി പ്രതിനിധി സംഘ സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്യുന്നത് തടയാൻ സൗദി സൈന്യം സനായിലെ വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയെന്നാണ് ഹൂതികളുടെ ആരോപണം.
എന്നാൽ തങ്ങളുടെ സൈന്യമാണ് ആക്രമണം നടത്തിയതെന്ന് സൗദി പിന്തുണയുള്ള യെമൻ സർക്കാർ വ്യക്തമാക്കി. 2015-ന് ശേഷം ആദ്യമായി ടെഹ്‌റാനിലേക്ക് നേരിട്ട് വിമാന സർവീസ് പുനരാരംഭിക്കാനാണ് ഹൂതികൾ ശ്രമിച്ചത്. ഇതോടെ വർഷങ്ങളായി നിലനിന്നിരുന്ന താൽക്കാലിക സമാധാനം അവസാനിച്ചതായി പ്രഖ്യാപിച്ച ഹൂതികൾ, ബാബ് അൽ-മന്ദബ് കടലിടുക്ക് വഴി സൗദിയുമായി ബന്ധപ്പെട്ട കപ്പൽ ഗതാഗതത്തിന് സമ്പൂർണ്ണ ഉപരോധം പ്രഖ്യാപിച്ചു. ഹൂതികൾക്ക് സ്വാധീനമുള്ള യെമനിലെ ഹൊദൈദ തുറമുഖത്തിന് നേരെ സൗദി വ്യോമാക്രമണം നടത്തിയതിന് തിരിച്ചടിയായി രണ്ടു സൗദി എണ്ണക്കപ്പലുകൾക്ക് നേരെയും ഹൂതികൾ ആക്രമണം നടത്തി.
റെഡ് സീ തീരത്തുള്ള സൗദി അറേബ്യയുടെ ജീസാൻ റിഫൈനറിക്ക് നേരെ ഹൂതികൾ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തെത്തുടർന്ന് അവിടെ വൻ തീപിടുത്തവും പുകയും ഉയർന്നതായി നാസയുടെ ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചു. ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതോടെ സൗദി അറേബ്യ തങ്ങളുടെ എണ്ണ കയറ്റുമതിക്കായി പ്രധാനമായും ആശ്രയിച്ചിരുന്നത് ബാബ് അൽ-മന്ദബ് പാതയെയായിരുന്നു. എന്നാൽ ഇവിടെയും ഹൂതികളുടെ ആക്രമണം ശക്തമായതോടെ അന്താരാഷ്ട്ര കപ്പൽ ഗതാഗതവും ഊർജ്ജ വിതരണവും തടസ്സപ്പെടാനും, ആഗോളതലത്തിൽ എണ്ണവിലയും ചരക്കുകൂലിയും വൻതോതിൽ ഉയരാനും കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.














