
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോള എണ്ണ വിപണിയിലുണ്ടായ പ്രതിസന്ധികൾക്കിടയിൽ, രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ആദ്യമായി അമേരിക്ക അറ്റ എണ്ണ കയറ്റുമതി (‘നെറ്റ് ക്രൂഡ് എക്സ്പോർട്ടർ’) രാജ്യമാകാൻ ഒരുങ്ങുന്നു . പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണ വിതരണം തടസ്സപ്പെട്ടതോടെ ഏഷ്യൻ, യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കൻ വിപണിയെ വൻതോതിൽ ആശ്രയിക്കുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
കഴിഞ്ഞ ആഴ്ച അമേരിക്കയുടെ എണ്ണ കയറ്റുമതി പ്രതിദിനം 5.2 ദശലക്ഷം ബാരലായി ഉയർന്നു. ഇത് കഴിഞ്ഞ ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസം കേവലം 66,000 ബാരലായി ചുരുങ്ങി. 2001-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
1943-ലാണ് അമേരിക്ക അവസാനമായി ഒരു നെറ്റ് എക്സ്പോർട്ടർ പദവിയിൽ എത്തിയത്. നിലവിലെ കണക്കുകൾ പ്രകാരം യുഎസ് വീണ്ടും ആ പദവിയിലേക്ക് അടുക്കുകയാണ്. ഗ്രീസ് പോലുള്ള രാജ്യങ്ങൾ ചരിത്രത്തിലാദ്യമായി അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാൻ തുടങ്ങി. യുഎസ് കയറ്റുമതിയുടെ 47 ശതമാനവും ഇപ്പോൾ യൂറോപ്പിലേക്കാണ് പോകുന്നത്.
ഏഷ്യൻ വിപണിയിലേക്കുള്ള കയറ്റുമതി 37 ശതമാനമായും വർധിച്ചു. ഇറാൻ യുദ്ധം മൂലം വിതരണം തടസ്സപ്പെട്ട റിഫൈനേഴ്സ് ബദൽ മാർഗങ്ങൾ തേടിയതാണ് അമേരിക്കൻ എണ്ണയ്ക്ക് ആവശ്യക്കാർ ഏറാൻ കാരണം. എന്നാൽ, കയറ്റുമതി ശേഷിയുടെ പരമാവധിയിലേക്ക് അമേരിക്കൻ തുറമുഖങ്ങൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കൂടുതൽ എണ്ണ കയറ്റുമതി ചെയ്യുന്നത് അമേരിക്കയ്ക്കുള്ളിലെ ഇന്ധന വില വർധിപ്പിക്കുമോ എന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർക്കും ചില രാഷ്ട്രീയക്കാർക്കുമുണ്ട്.
US becomes ‘net crude exporter’ for first time since World War II; records record oil exports













