അമേരിക്കൻ പ്രതിനിധി സംഘം പാകിസ്താനിലേക്ക് പോകില്ല, സമാധാന ചർച്ചകളിൽ നിന്ന് ട്രംപ് പിന്മാറി; ‘ഇനി ഇറാൻ ഇങ്ങോട്ട് വരട്ടെ’

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധി സംഘം പാകിസ്താനിലേക്ക് പോകേണ്ടതില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ടു. അനാവശ്യ യാത്രകൾ ധാരാളം കഴിഞ്ഞുവെന്നും ചർച്ച വേണമെങ്കിൽ ഇറാൻ നേതൃത്വം ഇങ്ങോട്ട് സമീപിക്കട്ടെ എന്നുമാണ് ട്രംപിന്റെ നിലപാടെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇറാൻ നേതൃത്വത്തിൽ ആരാണെന്ന് അവർക്ക് പോലും അറിയില്ലെന്ന് ട്രംപ് പരിഹസിച്ചു. നാവിക ഉപരോധം നീക്കാതെ നേരിട്ടുള്ള ചർച്ചകൾക്കില്ലെന്ന് ഇറാൻ നിലപാടെടുത്തതിന് പിന്നാലെയാണ് അമേരിക്കയുടെ ഈ കടുത്ത തീരുമാനം.

അമേരിക്കൻ പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇസ്ലാമാബാദിലെത്തി ഇറാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്നുവന്ന നീക്കങ്ങൾ ഇതോടെ പ്രതിസന്ധിയിലായി. അതേസമയം, സമാധാന നിർദേശങ്ങൾ ഇറാൻ പാക് നേതൃത്വത്തിന് കൈമാറി. ഊർജ്ജ സംവിധാനങ്ങൾക്ക് മേലുള്ള അമേരിക്കൻ ആക്രമണവും ഉപരോധവും കാരണം രാജ്യം കടുത്ത പ്രതിസന്ധിയിലാണെന്നും ഊർജ്ജ ഉപഭോഗം കുറയ്ക്കണമെന്നും ഇറാൻ പ്രസിഡന്റ് ജനങ്ങളോട് അഭ്യർത്ഥിച്ചു.

മേഖലയിൽ അമേരിക്ക സൈനിക സന്നാഹം ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. 2003-ന് ശേഷം ആദ്യമായി മൂന്ന് വമ്പൻ പടക്കപ്പലുകളെയും ആയിരക്കണക്കിന് സൈനികരെയും അണിനിരത്തി ഇറാനെതിരെ ഉപരോധം കടുപ്പിച്ചിരിക്കുകയാണ്. സമാധാന നിർദ്ദേശം ലഭിക്കുന്നത് വരെ മാത്രമാണ് വെടിനിർത്തൽ നീട്ടിയിരിക്കുന്നത്. സമവായം ഉണ്ടായില്ലെങ്കിൽ ആക്രമണം കടുപ്പിക്കാനാണ് അമേരിക്കൻ നീക്കം. ഹോർമുസ് കടലിടുക്ക് വഴി പണം പിരിക്കാൻ ഇറാൻ നിയമം പാസാക്കിയതും സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കുന്നു.

US cancels delegation’s Pakistan visit for Iran talks; Trump says ‘approach us if needed’

More Stories from this section

family-dental
witywide