
വാഷിങ്‌ടൺ: പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ ഇ. ജീൻ കരോളിനെ ലൈംഗികമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നഷ്ടപരിഹാരത്തുക ഉടൻ കൈമാറണമെന്ന് യുഎസ് കോടതി ഉത്തരവിട്ടു. പലിശ സഹിതം ഏകദേശം 58 ലക്ഷം ഡോളർ (ഏകദേശം 55 കോടി രൂപ) കരോളിന് കൈമാറാനാണ് മൻഹാട്ടൺ ഫെഡറൽ ജഡ്ജ് ലൂയിസ് കപ്ലാൻ നിർദേശിച്ചത്.
തുക കൈമാറുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ട്രംപിൻ്റെ അഭിഭാഷകർ നൽകിയ അപ്പീൽ കോടതി തള്ളുകയായിരുന്നു. 2023-ലെ സിവിൽ വിധിക്കെതിരെ ട്രംപ് സമർപ്പിച്ച അപ്പീൽ പരിഗണിക്കാൻ യുഎസ് സുപ്രീം കോടതി നേരത്തെ വിസമ്മതിച്ചിരുന്നു. ഇതേത്തുടർന്നാണ് തുക ഉടൻ നൽകാൻ വിചാരണക്കോടതി കർശന നിർദേശം നൽകിയത്.
1996-ൽ ന്യൂയോർക്കിലെ ഒരു പ്രമുഖ ഡിപ്പാർട്മെൻ്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയിൽ വെച്ച് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് 2019-ൽ കരോൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആരോപണം വ്യാജമാണെന്നും പുസ്തകം വിറ്റഴിക്കാനുള്ള തന്ത്രം മാത്രമാണെന്നും പറഞ്ഞ് ട്രംപ് കരോളിനെ പരസ്യമായി അപകീർത്തിപ്പെടുത്തി. ഇതിനെതിരെയാണ് കരോൾ കോടതിയെ സമീപിച്ചത്. കരോളിൻ്റെ വാദങ്ങൾ ശരിവെച്ച കോടതി, ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.
ഇതിനുപുറമെ, ട്രംപ് നടത്തിയ മറ്റ് അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെയുള്ള മറ്റൊരു കേസിൽ 8.33 കോടി ഡോളർ (ഏകദേശം 700 കോടിയിലധികം രൂപ) കരോളിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടുണ്ട്. ഈ വിധിക്കെതിരെ ട്രംപ് സമർപ്പിച്ച അപ്പീൽ നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
US court orders Trump to pay $5.8 million in damages to E. Jean Carroll, alleging Trump sexually assaulted her in a changing room















