
വാഷിംഗ്ടൺ: യുഎസിൽ ഭവനവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെന്ന് റിപ്പോർട്ട്. ജനങ്ങൾക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള നിർണ്ണായക നിയമനിർമ്മാണം രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കുടുങ്ങിക്കിടക്കുന്നതിനിടയിലാണ് രാജ്യത്തെ ഭവനവില കുതിച്ചുയരുന്നത്.
നാഷണൽ അസോസിയേഷൻ ഓഫ് റിയൽറ്റേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂൺ മാസത്തിൽ യു.എസിലെ വീടുകളുടെ ശരാശരി വില 440,660 ഡോളറായി (ഏകദേശം 3.6 കോടിയിലധികം ഇന്ത്യൻ രൂപ) ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.8 ശതമാനത്തിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് തുടർച്ചയായി 36-ാം മാസമാണ് ഭവനവിലയിൽ ഇത്തരത്തിൽ വർദ്ധനവുണ്ടാകുന്നത്.
ശമ്പള വർദ്ധനവ് മന്ദഗതിയിലായതും എന്നാൽ വീടുകളുടെ വില വിപണിയിൽ അതിവേഗം കൂടുന്നതും കാരണം സാധാരണക്കാർക്ക് സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് അപ്രാപ്യമായി തുടരുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യു.എസിലെ ഭവന വിപണിയിലെ മേഖല തിരിച്ചുള്ള വില നിലവാരം പരിശോധിച്ചാൽ, പടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്; ഇവിടെ ഒറ്റക്കുടുബ വീടുകളുടെ ശരാശരി വില 633,600 ഡോളറാണ്. ഇതിന് തൊട്ടുപിന്നാലെയുള്ള വടക്കുകിഴക്കൻ മേഖലയിൽ 564,800 ഡോളറും, തെക്കൻ മേഖലയിൽ 377,700 ഡോളറും, മിഡ്‌വെസ്റ്റ് മേഖലയിൽ 346,600 ഡോളറും ആണ് ശരാശരി വില നിലവാരം. ഇതേസമയം രാജ്യത്തെ കോണ്ടോമിനിയം, കോ-ഓപ്പുകൾ എന്നിവയുടെ ശരാശരി വില 380,000 ഡോളറുമായി തുടരുന്നു.
2008-09 കാലഘട്ടത്തിലെ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ ഭവന വിപണിയിലെ തകർച്ചയ്ക്ക് ശേഷം, യു.എസിൽ വീടുകളുടെ വിലയിൽ വലിയൊരു ഇടിവുണ്ടായിട്ടില്ല. എന്നാൽ കോവിഡ് മഹാമാരിയുടെ സമയത്ത് സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്നതിനായി ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുത്തനെ കുറച്ചതോടെയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ വില റോക്കറ്റ് പോലെ കുതിച്ചുയർന്നത്. നിലവിൽ ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള സാധാരണ ‘സ്റ്റാർട്ടർ ഹോമുകൾ’ പോലും ഭൂരിഭാഗം അമേരിക്കക്കാർക്കും താങ്ങാൻ കഴിയുന്നില്ല. സ്വന്തമായി വീടില്ലാത്ത കുടുംബങ്ങളിൽ 40 ശതമാനത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഏകദേശം 200,000 ഡോളർ വിലവരുന്ന ഒരു സാധാരണ വീട് സ്വന്തമാക്കാൻ സാധിക്കുന്നുള്ളൂ എന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ലെൻഡിംഗ് ട്രീ വ്യക്തമാക്കുന്നു. ഒരു ശരാശരി വീട് വാങ്ങാൻ ഒരു കുടുംബത്തിന് പ്രതിവർഷം കുറഞ്ഞത് 117,000 ഡോളർ വരുമാനം ഉണ്ടായിരിക്കണമെന്നാണ് റിയൽ എസ്റ്റേറ്റ് കമ്പനിയായ റെഡ്ഫിൻ്റെ പഠനങ്ങൾ പറയുന്നത്.
ഭവന വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ വിപണിയിൽ വീടുകളുടെ ലഭ്യത വർദ്ധിപ്പിക്കുക മാത്രമാണ് ഏക പോംവഴിയെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. മോർട്ട്ഗേജ് പലിശ നിരക്കുകൾ വർദ്ധിച്ചതിനെ തുടർന്ന് 2022 മുതൽ വിപണി പൊതുവേ മന്ദഗതിയിലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തിൻ്റെ ആദ്യ പകുതിയിൽ വീട് വില്പനയിൽ കേവലം 0.7 ശതമാനം വളർച്ച മാത്രമാണ് ഉണ്ടായത്.
രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ‘ഹൗസിംഗ് ആക്ട്’
ഭവനവില കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഭരണ-പ്രതിപക്ഷ ഭേദമന്യേ കോൺഗ്രസ് ഇരുസഭകളും പാസാക്കിയ ’21st Century ROAD to Housing Act’ എന്ന ചരിത്രപ്രധാനമായ ബില്ലാണ് ഇപ്പോൾ വാഷിംഗ്ടണിൽ ഒപ്പിടാനാകാതെ കിടക്കുന്നത്. വൻകിട കോർപ്പറേറ്റ് നിക്ഷേപകർ വീടുകൾ വാങ്ങിക്കൂട്ടുന്നത് തടയാനും, നിർമ്മാണ മേഖലയിലെ തടസ്സങ്ങൾ നീക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽ. എന്നാൽ, ഈ ഭവന ബില്ലിൽ താൻ ഇപ്പോൾ ഒപ്പിടില്ലെന്ന് ജൂൺ അവസാന വാരം പ്രസിഡൻ്റ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പരിഷ്കരണവുമായി ബന്ധപ്പെട്ട ‘സേവ് അമേരിക്ക ആക്ട്’ ജനപ്രതിനിധികൾ പാസാക്കിയാൽ മാത്രമേ ഭവന ബില്ലിൽ ഒപ്പുവെക്കൂ എന്നാണ് പ്രസിഡൻ്റിൻ്റെ നിലപാട്.
യു.എസ് ഭരണഘടനയനുസരിച്ച്, കോൺഗ്രസ് സമ്മേളനം നടക്കുമ്പോൾ ഇരുസഭകളും പാസാക്കിയ ഒരു ബിൽ പ്രസിഡൻ്റിൻ്റെ മുന്നിലെത്തിയാൽ, ഞായറാഴ്ചകൾ ഒഴുവാക്കിയുള്ള 10 ദിവസത്തിനകം അദ്ദേഹം അത് ഒപ്പിടുകയോ വീറ്റോ ചെയ്യുകയോ വേണം. അല്ലാത്തപക്ഷം ബിൽ സ്വയമേവ നിയമമായി മാറും. അതിനാൽ വരും ദിവസങ്ങളിൽ ഈ ബില്ലിൻ്റെ ഭാവി എന്താകുമെന്ന ആകാംഷയിലാണ് രാജ്യം.
Housing prices in the US are rocketing; Trump fails to sign bill to reduce prices, leaving ordinary people in crisis















