
യാങ്കൂൺ: മ്യാൻമറിലെ യുഎസ് എംബസിയിൽ ജോലി ചെയ്തിരുന്ന നയതന്ത്ര ഉദ്യോഗസ്ഥനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു തായ്‌ലൻഡ് സ്വദേശിനിയായ സ്ത്രീയെ മ്യാൻമർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക സാധ്യത മുൻനിർത്തിയാണ് പ്രാദേശിക അധികൃതർ കേസ് അന്വേഷിക്കുന്നത്.
മ്യാൻമറിലെ ഏറ്റവും വലിയ നഗരമായ യാങ്കൂണിലുള്ള ‘സാകുര റെസിഡൻസ് ആൻഡ് ഹോട്ടലിൽ’ വെച്ചാണ് ഉദ്യോഗസ്ഥൻ്റെ മൃതദേഹം കണ്ടെത്തിയത്. ഈ ഹോട്ടൽ യാങ്കൂണിലെ യുഎസ് എംബസിയിൽ നിന്നും വെറും ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്. മരണപ്പെട്ട ഉദ്യോഗസ്ഥൻ യുഎസ് എംബസിയിലെ ജീവനക്കാരനാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, സുരക്ഷാ-സ്വകാര്യതാ കാരണങ്ങളാൽ ഇദ്ദേഹത്തിൻ്റെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടെങ്കിലും മരണപ്പെട്ടയാളുടെ കുടുംബത്തിൻ്റെ സ്വകാര്യതയോടുള്ള ബഹുമാനം മുൻനിർത്തി ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് വക്താവ് അറിയിച്ചു.
അതേസമയം, കസ്റ്റഡിയിലുള്ള തായ് വനിതയ്ക്ക് ആവശ്യമായ നയതന്ത്ര സഹായങ്ങൾ നൽകി വരികയാണെന്ന് തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇവരുടെ കുടുംബത്തെയും വിവരമറിയിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മ്യാൻമറിലെ സൈനിക ഭരണകൂടമോ പ്രാദേശിക പൊലീസോ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല. 2021-ലെ സൈനിക അട്ടിമറിയെത്തുടർന്ന് കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന മ്യാൻമറിൽ, വിദേശ നയതന്ത്രജ്ഞൻ്റെ മരണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്.
US Diplomat found dead in Myanmar hotel, Thai woman detained















