
വാഷിംഗ്ടൺ: അമേരിക്കൻ പര്യടനത്തിനെത്തിയ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വാഷിംഗ്ടൺ ഡിസിയിൽ വൻ പ്രതിഷേധം. ഗാസയിലെ യുദ്ധക്കുറ്റങ്ങൾ മുൻനിർത്തി അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറന്‍റ് യുഎസ് അധികൃതർ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.
കനത്ത മഴയെയും കടുത്ത സുരക്ഷാ ക്രമീകരണങ്ങളെയും അവഗണിച്ച് പ്രതിഷേധക്കാർ വൈറ്റ് ഹൗസിലേക്ക് മാർച്ച് നടത്തുന്ന ദൃശ്യങ്ങൾ അൽ ജസീറ സ്ഥിരീകരിച്ചു. ഇതിനിടെ, ജോർജ്ജ്ടൗണിലെ ഫോർ സീസൺസ് ഹോട്ടലിന്റെ ലോബിയിലേക്ക് ഒരു കൂട്ടം പ്രതിഷേധക്കാർ ഇരച്ചുകയറി. നെതന്യാഹു അത്താഴവിരുന്ന് കഴിക്കുകയായിരുന്ന ഹോട്ടലിലെ റെസ്റ്റോറന്റിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ സുരക്ഷാ ജീവനക്കാർ ബലം പ്രയോഗിച്ച് പുറത്താക്കി.
“ബിബി, ബിബി നിനക്ക് ഒളിച്ചിരിക്കാനാകില്ല… നീ വംശഹത്യ നടത്തുകയാണ്” എന്ന മുദ്രാവാക്യങ്ങൾ പ്രതിഷേധക്കാർ മുഴക്കുന്നത് വീഡിയോകളിൽ വ്യക്തമാണ്. ഗാസയിൽ വംശഹത്യയും യുദ്ധക്കുറ്റങ്ങളും വംശീയ അതിക്രമങ്ങളും നടത്തിയെന്നാരോപിച്ച് 2024ലാണ് ഐസിസി നെതന്യാഹുവിനും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.













