വാഷിങ്ടൺ: യുഎസിൽ വിദ്യാഭ്യാസ രംഗത്തെ വിവേചനം തടയാൻ പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന പ്രധാന “ഡിസ്‌പാരറ്റ് ഇംപാക്ട്” (Disparate Impact) ചട്ടങ്ങൾ പിൻവലിക്കുന്നതായി അമേരിക്കൻ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. നേരിട്ട് വിവേചനം ലക്ഷ്യമിടാത്ത നയങ്ങളായിരുന്നാലും, അവയുടെ ഫലമായി ചില വിഭാഗങ്ങൾക്കെതിരെ വിവേചനം ഉണ്ടാകുന്ന സാഹചര്യങ്ങൾ തടയാൻ ഈ ചട്ടങ്ങൾ ഉപയോഗിച്ചുവരികയായിരുന്നു.
തീരുമാനത്തിനെതിരെ 60-ലധികം പൗരാവകാശ-വിദ്യാഭ്യാസ സംഘടനകൾ രംഗത്തെത്തി. വംശം, നിറം, ദേശീയത എന്നിവയുടെ പേരിലുള്ള വ്യവസ്ഥാപിത വിവേചനത്തിൽ നിന്ന് വിദ്യാർഥികളെ സംരക്ഷിക്കാൻ ഈ ചട്ടങ്ങൾ നിർണായകമായിരുന്നുവെന്ന് സംഘടനകൾ ആരോപിച്ചു. 2025 ഏപ്രിലിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ‘ഡിസ്‌പാരറ്റ് ഇംപാക്ട്’ ചട്ടങ്ങളെ എതിർക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചിരുന്നു. ഇത്തരം ചട്ടങ്ങൾ നടപ്പാക്കരുതെന്ന് ഫെഡറൽ ഏജൻസികൾക്ക് അദ്ദേഹം നിർദേശം നൽകുകയും ചെയ്തിരുന്നു.
വൈവിധ്യവും ഉൾക്കൊള്ളലും (Diversity) പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ വ്യാപക നീക്കങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തൽ. ഇത്തരം പദ്ധതികൾ കഴിവിന് പകരം മറ്റുള്ള ഘടകങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും വെള്ളക്കാരും പുരുഷന്മാരും ഉൾപ്പെടെയുള്ള വിഭാഗങ്ങളോട് വിവേചനം കാണിക്കുന്നതാണെന്നും ട്രംപ് നേരത്തേ ആരോപിച്ചിരുന്നു. എന്നാൽ, ട്രംപിന്റെ നടപടികൾ സാമൂഹിക പുരോഗതിയെ പിന്നോട്ടടിക്കുന്നതാണെന്നും വംശീയ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, എൽജിബിടിക്യു+ സമൂഹം തുടങ്ങിയ പിന്നാക്ക വിഭാഗങ്ങളെ സംരക്ഷിക്കുന്ന സംവിധാനങ്ങൾ ദുർബലമാക്കുന്നതാണെന്നും പൗരാവകാശ സംഘടനകൾ വിമർശിച്ചു.
പുതിയ തീരുമാനത്തെ ന്യായീകരിച്ച വിദ്യാഭ്യാസ വകുപ്പ്, നിലവിലെ ചട്ടങ്ങൾ കാരണം ക്ലാസ് മുറികളിൽ അച്ചടക്ക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ പല സ്കൂളുകൾക്കും മടിയുണ്ടായിരുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വംശീയ സന്തുലിതാവസ്ഥ (Racial Balancing) പരിഗണിക്കാൻ നിർബന്ധിതരായിരുന്നുവെന്നും പറഞ്ഞു.”ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന ‘സമത്വ’ സങ്കൽപ്പം അധ്യാപകർക്ക് ക്ലാസ് മുറികളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് തടസ്സമാകരുത്. പുതിയ മാറ്റങ്ങളിലൂടെ വിവേചനവിരുദ്ധ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന ഭയമില്ലാതെ സ്കൂളുകൾക്ക് അച്ചടക്ക പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാകും,” സിവിൽ റൈറ്റ്സ് വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി കിംബർലി റിച്ചി പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം, പ്രതിഷേധിക്കുന്ന സംഘടനകൾ പറയുന്നത്, പുറത്തുനോക്കുമ്പോൾ നിഷ്പക്ഷമെന്ന് തോന്നുന്ന സ്കൂൾ അടച്ചുപൂട്ടൽ, അച്ചടക്ക നടപടികൾ തുടങ്ങിയ നയങ്ങൾ പലപ്പോഴും കറുത്തവർ, നേറ്റീവ് അമേരിക്കക്കാർ, ഹിസ്പാനിക്, ഏഷ്യൻ അമേരിക്കക്കാർ, പസഫിക് ദ്വീപ് സമൂഹത്തിൽപ്പെട്ട വിദ്യാർഥികൾ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും അത്തരം വിവേചനങ്ങൾ തടയാൻ ‘ഡിസ്‌പാരറ്റ് ഇംപാക്ട്’ ചട്ടങ്ങൾ അനിവാര്യമാണെന്നുമാണ്. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരം ഉറപ്പാക്കുകയും വിദ്യാഭ്യാസത്തിലെ അനീതിപരമായ തടസ്സങ്ങൾ നീക്കുകയും ചെയ്യുക എന്നതാണ് ഈ ചട്ടങ്ങളുടെ ലക്ഷ്യമെന്നും സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
US Education Department removes key rules against discrimination











