ടെഹ്റാൻ: അമേരിക്ക – ഇറാനും സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്കയുടെ വ്യോമ-നാവിക താവളങ്ങളടക്കം 21 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്തമായ ആക്രമണം നടത്തിയതായും യുഎസിന്റെ അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകൾ തകർത്തുവെന്നും ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) അവകാശപ്പെട്ടതായി ഇറാനിയൻ വാർത്താ ഏജൻസിയെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു. അമേരിക്ക ഹോർമുസ് കടലിടുക്കിലെ ഇറാന്റെ തുറമുഖങ്ങൾക്കും ദ്വീപുകൾക്കും നേരെ നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ ആക്രമണം നടത്തിയത്.
അമേരിക്കയുടെ, ജോർദാനിലെ അൽ-അസ്രഖ് താവളത്തിലുള്ള യു.എസ്. സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ ഉൾപ്പെടെ നാല് പ്രധാന കേന്ദ്രങ്ങൾ പൂർണമായും തകർത്തതായാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ജോർദാനിലെ മുവാഫഖ് സാൽതി വ്യോമതാവളത്തിനുനേരെയും ഇറാന്റെ മിസൈൽ ആക്രമണമുണ്ടായി. കുവൈത്തിലെ അലി അൽ സലേം താവളത്തിനുനേരെയും ഡ്രോൺ ആക്രമണം നടത്തിയതായി ഐ.ആർ.ജി.സി. വ്യക്തമാക്കി. കുവൈത്തിലും ബഹ്റൈനിലും വീണ്ടും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും ഇവിടുത്തെ യുഎസ് താവളങ്ങൾ വീണ്ടും ലക്ഷ്യമിട്ടതായും ഇറാൻ ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ബഹ്റൈനിലെ യുഎസ് നാവിക താവളത്തിനുനേരെ നടന്ന ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തവും ഐ.ആർ.ജി.സി. ഏറ്റെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലർച്ചെ പ്രാദേശിക സമയം രണ്ടരയോടെ ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പട ആസ്ഥാനത്തിനുനേരെ ഇറാൻ നാവികസേന ഡ്രോൺ ആക്രമണം നടത്തിയത്. അമേരിക്ക കഴിഞ്ഞദിവസം തെക്കൻ ഇറാനിലെ പല കേന്ദ്രങ്ങൾക്കുനേരെ നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയാണിതെന്ന് ഐ.ആർ.ജി.സി. പ്രസ്താവനയിൽ അറിയിച്ചു. ഇറാന്റെ ജാം നഗരത്തിന് മുകളിലെ ആകാശത്തു വെച്ച് അമേരിക്കയുടെ എം.ക്യു-9 ഡ്രോൺ വെടിവെച്ചിട്ടതായും ഇറാൻ അവകാശപ്പെടുന്നുണ്ട്. ഇറാൻ്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി.) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
അതേസമയം ഇറാന്റെ ആക്രമണങ്ങൾ പ്രതിരോധിച്ചതായി ബഹ്റൈനും കുവൈത്തും ജോർദാനും അവകാശപ്പെട്ടുഅമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടതിന് പിന്നിൽ ഇറാനാണെന്ന് യുഎസ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ഹോർമുസ് കടലിടുക്കിലെ ഇറാൻ തീരത്തുള്ള തുറമുഖങ്ങൾക്കും ഖേഷ്ം ദ്വീപിനും നേരെ യുഎസ് സൈന്യം ആക്രമണം നടത്തിയിരുന്നു. ഇതിന് പ്രതികാരമായാണ് ഇറാന്റെ പുതിയ സൈനിക നടപടി.
US-Iran conflict: Iran says it attacked US F-35 fighter jet hangars and 21 American facilities









