
ടെഹ്റാൻ: അമേരിക്ക – ഇറാൻ സമാധാനച്ചർച്ചകളിൽ, യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ പെരുമാറ്റത്തെ പ്രതിരോധിക്കാൻ ഇറാൻ സൈക്കോളജിസ്റ്റുകളുടെ സഹായം തേടിയതായി റിപ്പോർട്ട്. ട്രംപിന്റെ മാനസികാവസ്ഥ വിലയിരുത്തുന്നതിനും മധ്യസ്ഥർ വഴി അദ്ദേഹത്തിന് കൈമാറുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തുന്നതിനും രണ്ട് മുതിർന്ന സൈക്കോളജിസ്റ്റുകളെ ഇറാൻ നിയോഗിച്ചിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, ചർച്ചകൾ സുഗമമാക്കുന്നതിനും ട്രംപിന്റെ സ്വഭാവരീതികളെ കൃത്യമായി മനസ്സിലാക്കുന്നതിനും ഇറാൻ ഇത്തരമൊരു അസാധാരണ നീക്കം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ. ട്രംപിന്റെ പെരുമാറ്റ വൈകല്യങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചർച്ചകൾക്കുള്ള ഉപദേശക സമിതിയിൽ രണ്ട് മുതിർന്ന സൈക്കോളജിസ്റ്റുകളെ ഉൾപ്പെടുത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൻ്റെ കരടുവ്യവസ്ഥകൾ അമേരിക്കയും ഇറാനും പരസരം കൈമാറാൻ തുടങ്ങിയതിന് പിന്നാലെയാണ് ഈ വിദഗ്ധ സംഘത്തിൻ്റെ സഹായം തേടിയത്. കഴിഞ്ഞ ഏപ്രിലിൽ ഇസ്ലാമാബാദിൽ നടന്ന ഒന്നാം ഘട്ട ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരുന്നു ഇതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ട്രംപിന് നൽകാനുള്ള സന്ദേശങ്ങൾ കൂടുതൽ ഫലപ്രദമായി രൂപപ്പെടുത്താൻ ഇത് സഹായിച്ചുവെന്ന് മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സന്ദേശങ്ങളിൽ ഉപദേശകരുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയതോടെ ട്രംപിന്റെ പ്രതികരണങ്ങളിൽ പ്രകടമായ മാറ്റം ദൃശ്യമായി. ചർച്ചകളുടെ ഭാഗമായി കൈമാറുന്ന രേഖകൾ ചരിത്രത്തിന്റെ ഭാഗമാകുമെന്ന് ഇറാന് ബോധ്യമുണ്ടായിരുന്നുവെന്നും അതിനാൽ അതീവ ഗൗരവത്തോടെയാണ് ടെഹ്റാൻ ചർച്ചകൾ മുന്നോട്ട് കൊണ്ടുപോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
US-Iran peace talks; Iran says Trump’s behavior is unpredictable, reports say he sought help from psychologists for talks











