MQ-1 ഡ്രോൺ വെടിവെച്ചിട്ട സംഭവം: ഇറാനെതിരെ അമേരിക്കയുടെ തിരിച്ചടി ആക്രമണം

വാഷിംഗ്ടൺ: അമേരിക്കൻ MQ-1 ഡ്രോൺ വെടിവെച്ചിട്ടെന്ന സംഭവത്തിന് പിന്നാലെ ഇറാനെതിരെ അമേരിക്ക തിരിച്ചടി ആക്രമണം നടത്തിയതായി റിപ്പോർട്ട്. ഇറാനിലെ ഗൊറുക്, ഖെഷം ദ്വീപ് മേഖലകളിലുള്ള റഡാർ കേന്ദ്രങ്ങൾ, ഡ്രോൺ നിയന്ത്രണ സംവിധാനങ്ങൾ, വ്യോമപ്രതിരോധ സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കൻ സൈനിക വൃത്തങ്ങൾ അറിയിച്ചു.

അന്താരാഷ്ട്ര ജലാതിർത്തിക്ക് മുകളിലൂടെ പറന്നുകൊണ്ടിരുന്ന അമേരിക്കൻ MQ-1 ഡ്രോൺ ഇറാൻ വെടിവെച്ചിട്ടെന്നാരോപിച്ചാണ് അമേരിക്ക നടപടി സ്വീകരിച്ചത്. അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തുവിട്ട പ്രസ്താവനയിൽ, ആക്രമണത്തിൽ ഇറാന്റെ ഒരു ഗ്രൗണ്ട് കൺട്രോൾ സ്റ്റേഷനും രണ്ട് ആക്രമണ ഡ്രോണുകളും നശിപ്പിച്ചതായി പറയുന്നു. സിറിക് ദ്വീപിലെ ഒരു ടെലികമ്മ്യൂണിക്കേഷൻ ടവറിനും കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്.

“അമേരിക്കൻ സൈനികർക്കാർക്കും പരിക്കേറ്റിട്ടില്ല. വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിലും ഇറാന്റെ പ്രകോപനപരമായ നടപടികൾക്കെതിരെ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കുന്ന നടപടി തുടരും,” CENTCOM വ്യക്തമാക്കി.

അതേസമയം, ഞായറാഴ്ച പുലർച്ചെ ഇറാന്റെ വ്യോമപരിധിയിൽ അനധികൃതമായി പ്രവേശിച്ച അമേരിക്കൻ ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ വിഭാഗം വെടിവെച്ചിട്ടതാണെന്ന് ഇറാൻ അവകാശപ്പെട്ടു. ഡ്രോൺ ശത്രുതാപരമായ ദൗത്യത്തിനായാണ് എത്തിയതെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.

സിറിക് ദ്വീപിലെ ടെലികോം ടവറിനെതിരായ അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ബന്ധപ്പെട്ട ഒരു വ്യോമതാവളം ലക്ഷ്യമിട്ട് തിരിച്ചടി നടപടി സ്വീകരിച്ചതായി IRGC പിന്നീട് അറിയിച്ചു. എന്നാൽ ആക്രമിക്കപ്പെട്ട വ്യോമതാവളത്തിന്റെ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. അമേരിക്ക കൂടുതൽ സൈനിക നടപടി സ്വീകരിച്ചാൽ അതിന് ശക്തമായ മറുപടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷവും അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുകയാണ്. ഉപരോധങ്ങൾ പിൻവലിക്കൽ, വിദേശ ബാങ്കുകളിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ എണ്ണവരുമാനം വിട്ടുനൽകൽ തുടങ്ങിയ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ഇപ്പോഴും സമവായത്തിലെത്തിയിട്ടില്ല.

US launches ‘revenge’ strikes on Iran after MQ-1 drone shot down, destroys air defence and telecom towers

More Stories from this section

family-dental
witywide