
ടെഹ്‌റാൻ: യുഎസ് നടത്തിയ ഏറ്റവും പുതിയ വ്യോമാക്രമണങ്ങളിൽ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതും സാധാരണക്കാരെ കൊലപ്പെടുത്തിയതും ഈ ആക്രമണങ്ങളുടെ ക്രിമിനൽ സ്വഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് ഇറാൻ പാർലമെന്റ് അംഗം അഹമ്മദ് മൊറാദി. ഇറാന്റെ ഹോർമോസ്ഗാനിൽ നിന്നുള്ള ജനപ്രതിനിധിയായ മൊറാദി, യുഎസ് ആക്രമണത്തിൽ തകർന്ന ബന്ദർ ഖമീറിലെ പാലങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എന്ന് ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
നഗരത്തിലെ ആശയവിനിമയ സംവിധാനങ്ങൾക്കും ഗതാഗത മാർഗ്ഗങ്ങൾക്കും വലിയ തോതിലുള്ള നാശനഷ്ടമാണ് യുഎസ് ആക്രമണം ഉണ്ടാക്കിയിരിക്കുന്നത്. പാലങ്ങളും പൊതു അടിസ്ഥാന സൗകര്യങ്ങളും തകർത്തതിലൂടെ സാധാരണക്കാരുടെ ജീവന് യുഎസ് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് വീണ്ടും തെളിഞ്ഞിരിക്കുകയാണെന്ന് മൊറാദി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കാൻ ഇറാന്റെ സായുധ സേനയ്ക്ക് പൂർണ്ണ അധികാരമുണ്ടെന്നും, ഈ നഗ്നമായ അധിനിവേശത്തിന് അനുയോജ്യമായ സമയത്ത് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.













