കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ്, ക്യൂബ എന്നിവയുൾപ്പെടെ വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും ഉൾപ്പെടുത്തി യുഎസ് ഭൂപടം; ട്രംപിന്റെ പുതിയ AI ചിത്രം വൈറൽ

വാഷിങ്ടൺ: വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന വിപുലീകരിച്ച അമേരിക്കൻ ഭൂപടം ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. AI ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രത്തിൽ കാനഡ, മെക്സിക്കോ, ഗ്രീൻലാൻഡ്, ക്യൂബ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് മുകളിൽ അമേരിക്കൻ പതാക പതിപ്പിച്ച നിലയിലാണ് ഭൂപടം. എന്നാൽ ചിത്രത്തോടൊപ്പം ട്രംപ് യാതൊരു വിശദീകരണവും നൽകിയിട്ടില്ല. ഇത് ഔദ്യോഗിക നയനിർദേശത്തെ പ്രതിനിധീകരിക്കുന്നതാണെന്ന് വൈറ്റ് ഹൗസും വ്യക്തമാക്കിയിട്ടില്ല.

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾക്കൊപ്പം ഗ്രീൻലാൻഡും കരീബിയൻ മേഖലയിലെ നിരവധി രാജ്യങ്ങളും പ്രദേശങ്ങളും ഉൾപ്പെടുന്നതാണ് ഭൂപടമെന്നാണ് കാണുന്നത്. ഗ്രീൻലാൻഡ് ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമാണ്. കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കണമെന്ന ആശയം ട്രംപ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. ഗ്രീൻലാൻഡിനെ അമേരിക്കൻ നിയന്ത്രണത്തിലാക്കാനുള്ള ശ്രമങ്ങളും അദ്ദേഹം തുടരുകയാണ്. മെക്സിക്കോയുമായും ക്യൂബയുമായും ട്രംപ് ഭരണകൂടം നയതന്ത്ര സംഘർഷം ശക്തമാക്കിയിട്ടുമുണ്ട്.

ന്യൂ മെക്സിക്കോയുടെ പേര് “ന്യൂ അമേരിക്ക” എന്നാക്കണമെന്ന സൂചന നൽകുന്ന ചിത്രവും “ചന്ദ്രൻ നമ്മുടേതാണ്” എന്ന സന്ദേശമുള്ള മറ്റൊരു ചിത്രവും ഉൾപ്പെടെ AI ഉപയോഗിച്ച് തയ്യാറാക്കിയതായി തോന്നുന്ന മറ്റ് ചിത്രങ്ങളും ട്രംപ് അടുത്തിടെ പങ്കുവച്ചിരുന്നു. “ഇത് ഒരു നയരേഖയേക്കാൾ രാഷ്ട്രീയ സന്ദേശമായാണ് തോന്നുന്നത്. ട്രംപ് പലപ്പോഴും ഭൂപടങ്ങളും സ്ഥലങ്ങളുടെ പേരുമാറ്റവും രാഷ്ട്രീയ പ്രചാരണത്തിനായി ഉപയോഗിക്കാറുണ്ട്. എഴുത്തൊന്നുമില്ലാതെ ഇത്തരമൊരു ചിത്രം പങ്കുവയ്ക്കുന്നത് ഔദ്യോഗിക അവകാശവാദത്തേക്കാൾ പ്രകോപനപരമായ സന്ദേശമാണ്,” ഫ്ലോറിഡ അറ്റ്ലാന്റിക് സർവകലാശാലയിലെ രാഷ്ട്രീയശാസ്ത്ര അധ്യാപകൻ ക്രെയ്ഗ് അഗ്രനോഫ് ന്യൂസ്‌വീക്കിനോട് പറഞ്ഞു.

മെക്സിക്കോ, കാനഡ, ഐസ്‌ലാൻഡ്, ക്യൂബ, ജമൈക്ക തുടങ്ങിയ രാജ്യങ്ങൾക്ക് മുകളിൽ നിലവിലെ യുഎസ് പ്രസിഡന്റ് അമേരിക്കൻ പതാക പതിപ്പിച്ച ചിത്രം പങ്കുവയ്ക്കുമ്പോൾ സഖ്യരാജ്യങ്ങളും അയൽരാജ്യങ്ങളും പ്രതികരിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൗനം സമ്മതമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇത് ഉടൻതന്നെ ഈ രാജ്യങ്ങളെ അമേരിക്ക പിടിച്ചെടുക്കുമെന്നതല്ല പ്രധാന അപകടം. മറിച്ച്, നയതന്ത്ര ബന്ധങ്ങൾ, വ്യാപാര ചർച്ചകൾ, സുരക്ഷാ സഹകരണം എന്നിവ കൂടുതൽ സങ്കീർണമാക്കുന്ന ഒരു തുടർച്ചയായ പ്രവണതയുടെ ഭാഗമാകുന്നതാണ്. ഭൂപടം ഒരു പ്രായോഗിക പദ്ധതിയല്ലെങ്കിലും അതിലെ പ്രതീകാത്മകത വിദേശ സർക്കാരുകൾ ഗൗരവമായി കാണേണ്ടതുണ്ട്,” അഗ്രനോഫ് പറഞ്ഞു.

ട്രംപ് പങ്കുവച്ച ഭൂപടത്തിൽ കാനഡ, അമേരിക്ക, ഗ്രീൻലാൻഡ്, ഐസ്‌ലാൻഡ്, മെക്സിക്കോ, ബെലീസ്, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ, നിക്കരാഗ്വ, ക്യൂബ, ജമൈക്ക, ഹെയ്തി, ഡൊമിനിക്കൻ റിപ്പബ്ലിക്, ബഹാമാസ്, പ്യൂർട്ടോ റിക്കോ, കേമാൻ ദ്വീപുകൾ, ആന്റിഗ്വ ആൻഡ് ബാർബുഡ, സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, ഡൊമിനിക്ക, സെന്റ് ലൂസിയ, ബാർബഡോസ്, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനഡൈൻസ്, ടർക്സ് ആൻഡ് കൈക്കോസ് ദ്വീപുകൾ, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, യുഎസ് വിർജിൻ ദ്വീപുകൾ, സെന്റ് മാർട്ടിൻ, സിന്റ് മാർട്ടൻ, ആൻഗ്വില, സെന്റ് ബാർത്തലമി, മോണ്ട്സെറാറ്റ്, ഗ്വാഡലൂപ്പ്, മാർട്ടിനിക്, ഗ്രനഡ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, അറൂബ, ബൊണെയർ, കുറസാവോ തുടങ്ങിയ മറ്റ് ചില കരീബിയൻ രാജ്യങ്ങളും പ്രദേശങ്ങളും ഭൂപടത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

US map including most of North America—spanning Canada, Mexico, Greenland, and Cuba; Trump’s new AI image goes viral.