അടിയന്തര അപായ സന്ദേശത്തിന് പിന്നാലെ പേർഷ്യൻ കടലിടുക്കിൽ യു.എസ് സൈനിക വിമാനം കാണാതായി; സിഗ്നൽ നഷ്ടപ്പെട്ടത് ഖത്തറിന് സമീപം

ദോഹ: യുഎസ് വ്യോമസേനയുടെ ഇന്ധനം നിറയ്ക്കുന്ന അത്യാധുനിക വിമാനം ‘ബോയിങ് കെ.സി.-135 സ്ട്രാറ്റോ ടാങ്കർ’ പേർഷ്യൻ കടലിടുക്കിൽ വെച്ച് കാണാതായി. യുഎഇയിലെ അൽ ദാഫ്ര എയർ ബേസിൽ നിന്ന് പറന്നുയർന്ന വിമാനം ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് റഡാറുകളിൽ നിന്ന് അപ്രത്യക്ഷമായത്. വിമാനം കാണാതാകുന്നതിന് തൊട്ടുമുമ്പ് സാങ്കേതിക തകരാറുകൾ സൂചിപ്പിക്കുന്ന ‘7700’ എന്ന അടിയന്തര അപായ സന്ദേശം (Distress Signal) പൈലറ്റ് അയച്ചിരുന്നു. ഖത്തറിന് സമീപം സമുദ്രത്തിന് മുകളിൽ വെച്ചാണ് വിമാനവുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടമായത്.

മേഖലയിൽ ശക്തമായ ജിപിഎസ് ജാമിങ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വിമാനത്തിൻ്റെ ദിശ തെറ്റാൻ കാരണമായോ എന്ന് അന്വേഷിക്കുന്നുണ്ട്. ഖത്തറിലെ അൽ ഉദൈദ് എയർ ബേസിൽ നിന്നുള്ള യുഎസ് ഹെലികോപ്റ്ററുകളും കപ്പലുകളും കടലിൽ തിരച്ചിൽ ആരംഭിച്ചു.

ആകാശത്ത് വെച്ച് മറ്റ് യുദ്ധവിമാനങ്ങൾക്ക് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ഈ വിമാനം ‘പറക്കും ഗ്യാസ് ടാങ്കർ’ എന്നാണ് അറിയപ്പെടുന്നത്. ഏകദേശം 90,000 കിലോ ഇന്ധനം വഹിക്കാൻ ഇതിന് ശേഷിയുണ്ട്. വിമാനം തകർന്നു വീണതാണോ അതോ പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾക്കിടയിൽ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് യുഎസ് സൈനിക ആസ്ഥാനമായ പെന്റഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

US military plane goes missing in Persian Gulf after emergency distress call; signal lost near Qatar

More Stories from this section

family-dental
witywide