വാഷിങ്ടൺ: യുഎസ് സെനറ്റർ ജോൺ ഹസ്റ്റഡിന്റെ പേശീബലത്തെക്കുറിച്ച് വിശദമായി പരാമർശിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നോർത്ത് കരോലൈനയിലെ ഗ്രീൻവില്ലിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു റിപ്പബ്ലിക്കൻ സെനറ്ററുടെ ശരീരഘടനയെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ. അദ്ദേഹത്തിന്റെ ശരീരം ഞാൻ പഠിക്കുകയാണ്. ഒരു പുരുഷന്റെ ശരീരം ഇതുവരെ ഞാൻ ഇങ്ങനെ പഠിച്ചിട്ടില്ല. അതൊന്നും എന്റെ രീതിയല്ല. അതിൽ തെറ്റൊന്നുമില്ല, തീർച്ചയായും. പക്ഷേ, ഇതുവരെ അങ്ങനെ ചെയ്തിട്ടില്ലെന്നും ട്രംപ് സദസ്സിനോട് പറഞ്ഞു.
തുടർന്ന് ഹസ്റ്റഡിന്റെ ശരീരഘടനയെക്കുറിച്ച് വിശദീകരിച്ച ട്രംപ്, ഞാൻ അദ്ദേഹത്തിന്റെ പിൻഭാഗത്തേക്ക് നോക്കി. അത് മുഴുവൻ പേശികൾ നിറഞ്ഞതുപോലെയാണ്. പിന്നെ കാലുകളിലേക്ക് നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ പാദങ്ങൾ വലുതാണെന്ന് തോന്നിയെന്നും പറഞ്ഞു. ഹസ്റ്റഡിന്റെ ശരീരം ഉരുക്കുകൊണ്ട് നിർമിച്ചതുപോലെയാണെന്നും അദ്ദേഹത്തെ ഒരു ‘രാക്ഷസൻ’ പോലെയാണെന്നും ട്രംപ് വിശേഷിപ്പിച്ചു.
ചൊവ്വാഴ്ച നോർത്ത് കരോലൈനയിൽ റിപ്പബ്ലിക്കൻ സെനറ്റ് സ്ഥാനാർഥി മൈക്കൽ വാട്ട്ലിക്കായി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ട്രംപിന്റെ പരാമർശങ്ങൾ. മറ്റൊരു സംസ്ഥാനത്തെ സ്ഥാനാർഥിക്കായി പ്രചാരണം നടത്തുകയായിരുന്നെങ്കിലും, കഴിഞ്ഞയാഴ്ച ഒഹായോയിലെ യങ്സ്റ്റൗണിൽ നടന്ന റാലിയിലും പ്രശംസിച്ച ഹസ്റ്റഡിനെക്കുറിച്ചുള്ള സംസാരത്തിലേക്ക് ട്രംപ് വീണ്ടും മടങ്ങിയെത്തി.
2025 ജനുവരിയിൽ ജെ.ഡി. വാൻസിന് പകരക്കാരനായി പ്രത്യേക തിരഞ്ഞെടുപ്പിലൂടെ യുഎസ് സെനറ്ററായ ഹസ്റ്റഡ്, 2019 മുതൽ 2025 വരെ ഒഹായോയുടെ ലെഫ്റ്റനന്റ് ഗവർണറായിരുന്നു. നവംബറിൽ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഷെറോഡ് ബ്രൗണാണ് അദ്ദേഹത്തിന്റെ എതിരാളി. ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള വിവിധ സംസ്ഥാനങ്ങളിൽ ട്രംപ് പ്രചാരണം തുടരുകയാണ്.
US President Donald Trump went into graphic detail about Republican Senator Jon Husted’s physique during a campaign rally in Greenville, North Carolina














