
വാഷിംഗ്ടൺ: ഒന്നിലധികം യുദ്ധങ്ങൾ അവസാനിപ്പിച്ചിട്ടും തനിക്ക് നോബൽ സമാധാന സമ്മാനം നൽകാത്തതിൽ പരസ്യമായി അമർഷം പ്രകടിപ്പിച്ചതിന് പിന്നാലെ, മാധ്യമരംഗത്തെ പരമോന്നത ബഹുമതിയായ പുലിറ്റ്സർ പുരസ്കാരത്തിലും അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ ‘എഴുത്തുകൾക്ക്’ പുലിറ്റ്സർ പുരസ്കാരം ലഭിക്കേണ്ടതായിരുന്നു എന്നാണ് ട്രംപിന്റെ പുതിയ വാദം.
സൗത്ത് കരോലിനയിലെ പെൻഡിൽറ്റണിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി റാലിയിലാണ് ട്രംപ് മാധ്യമങ്ങൾക്കെതിരെയും പുരസ്കാര സമിതികൾക്കെതിരെയും രൂക്ഷവിമർശനം ഉന്നയിച്ചത്. റഷ്യൻ ഇടപെടലുകളെക്കുറിച്ച് വാർത്തകൾ നൽകിയ മാധ്യമപ്രവർത്തകർക്ക് പുരസ്കാരം നൽകിയതിനെ അദ്ദേഹം വേദിയിൽ ചോദ്യം ചെയ്തു.
“എനിക്ക് നോബൽ സമ്മാനം ലഭിച്ചില്ല, പുലിറ്റ്സറും കിട്ടിയില്ല. എന്റെ എഴുത്തുകൾക്ക് എനിക്ക് പുലിറ്റ്സർ ലഭിക്കേണ്ടതായിരുന്നു. ഇപ്പോൾ അത് കിട്ടിയവർക്കൊന്നും അതിനുള്ള അർഹതയില്ല. റഷ്യയെക്കുറിച്ചുള്ള അവരുടെ റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റായിരുന്നു,” ട്രംപ് അനുയായികളോട് പറഞ്ഞു. താൻ ഇടപെട്ട് നിരവധി യുദ്ധങ്ങൾ ഒഴിവാക്കിയിട്ടും നോബൽ സമ്മാനം നിഷേധിച്ചെന്ന മുൻ പരാതിയും അദ്ദേഹം പ്രസംഗത്തിൽ ആവർത്തിച്ചു.
അതേസമയം ട്രംപിന്റെ ഈ പുതിയ പ്രസ്താവന സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ട്രംപിന്റെ ഭാഷാശൈലിയെയും എഴുത്തുപാടവത്തെയും ട്രോളിക്കൊണ്ട് നിരവധി പോസ്റ്റുകളാണ് എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ നിറയുന്നത്. ട്രംപ് ഭരണകൂടത്തിന്റെ വികലമായ നയങ്ങളെയും ഏജൻസികളുടെ വെട്ടിക്കുറയ്ക്കലുകളെയും കുറിച്ചുള്ള അന്വേഷണാത്മക റിപ്പോർട്ടുകൾക്കായിരുന്നു 2026-ലെ പുലിറ്റ്സർ പുരസ്കാരങ്ങളിൽ മുൻഗണന ലഭിച്ചിരുന്നത്.
Donald Trump makes a new claim following his Nobel mention, he wants a Pulitzer for his writing.















