ന്യൂയോർക്ക്: ന്യൂയോർക്കിലെ നവരാത്രി ആഘോഷങ്ങളിൽ പങ്കുചേർന്ന് മേയർ സൊഹ്റാൻ മംദാനി. നവരാത്രി, ദുർഗാപൂജ, ദശൈൻ, വിജയദശമി ആഘോഷങ്ങളിൽ ക്വീൻസിലെ ഹിന്ദു സമൂഹത്തോടൊപ്പം പങ്കുചേരാനായത് ഭാഗ്യമാണെന്ന് മംദാനി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.
ഈ ആഴ്ച ക്വീൻസിൽ നവരാത്രി, ദുർഗാപൂജ, ദശൈൻ, വിജയദശമി ആഘോഷിക്കുന്ന ഹിന്ദു ന്യൂയോർക്കുകാർക്കൊപ്പം ചേരാനായത് ഭാഗ്യമായി കരുതുന്നു. ഗർബ നൃത്തത്തിൽ പങ്കെടുത്തു, ആരതി നടത്തി, സിന്ദൂർ ഖേല കണ്ടു, ദുർഗാദേവിയെ ആദരിച്ചുവെന്ന് മംദാനി കുറിച്ചു.
കഴിഞ്ഞയാഴ്ച ഇല്ലിനോയിസിലെ ഒരു ഹിന്ദു ക്ഷേത്രത്തിലുണ്ടായ കൂട്ടവെടിവയ്പ്പ് ശ്രമത്തെ പരാമർശിച്ച അദ്ദേഹം, നഗരത്തിലെ ക്ഷേത്രങ്ങളിൽ സന്തോഷത്തിലും വിശ്വാസത്തിലും കൂട്ടായ്മയിലും ഒത്തുചേരാനായത് അഭിമാനകരമാണെന്നും പറഞ്ഞു. വിദ്വേഷത്തിനെതിരെ ഒരുമിച്ച് നിലകൊള്ളാനും പരസ്പരം കരുതലോടെ പെരുമാറാനും അദ്ദേഹം ആഹ്വാനം ചെയ്തു.
പ്രത്യേകിച്ച് കഴിഞ്ഞയാഴ്ച ഇല്ലിനോയിസിലെ ഹിന്ദു ക്ഷേത്രത്തിലുണ്ടായ കൂട്ടവെടിവയ്പ്പ് ശ്രമത്തിനു ശേഷം, നമ്മുടെ നഗരത്തിലെ ക്ഷേത്രങ്ങളിൽ സന്തോഷത്തിലും വിശ്വാസത്തിലും കൂട്ടായ്മയിലും ഒത്തുചേരാനായത് അഭിമാനകരമാണ്. വിദ്വേഷത്തിനെതിരെ നിലകൊള്ളാനും പരസ്പരം കരുതാനും നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം എന്നും മംദാനി വ്യക്തമാക്കി.
അതേസമയം, മംദാനിയും സാമൂഹികമാധ്യമ ഉപയോക്താക്കളും പങ്കുവച്ച ചിത്രങ്ങളിലും വിഡിയോകളിലും ഇന്ത്യൻ പ്രവാസി സമൂഹത്തിലെ അംഗങ്ങൾക്കൊപ്പം അദ്ദേഹം ഗർബ നൃത്തത്തിൽ പങ്കെടുക്കുന്നതും ക്ഷേത്രങ്ങളിലെ പ്രാർഥനകളിലും മറ്റ് ആഘോഷച്ചടങ്ങുകളിലും ഭാഗമാകുന്നതും കാണാം.
‘Blessed to join Hindu New Yorkers’: Zohran Mamdani on joining Navratri celebrations













