കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്നിവയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും നിയന്ത്രിക്കുന്നുവെന്ന ആരോപണത്തിന് മറുപടിയുമായി മെറ്റ. തങ്ങളുടെ പ്രവർത്തനം ഇന്ത്യൻ നിയമങ്ങൾ പാലിച്ചാണെന്ന് കോൺഗ്രസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മെറ്റ പ്രതിനിധികൾ വ്യക്തമാക്കിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിഷയം ഉന്നയിച്ച് ഹൈദരാബാദ്, ഗുരുഗ്രാം, മുംബൈ എന്നിവിടങ്ങളിലെ മെറ്റ ഓഫീസുകൾക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
രാഹുൽ ഗാന്ധിയെ പരാമർശിക്കുന്ന പോസ്റ്റുകൾ മെറ്റ നിയന്ത്രിക്കുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളെന്ന് അവകാശപ്പെടുന്ന രേഖകൾ കോൺഗ്രസ് പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ ഹാജരാക്കി. അതേസമയം, സുതാര്യമായ നയങ്ങൾ പിന്തുടർന്നാണ് കമ്പനി പ്രവർത്തിക്കുന്നതെന്ന് മെറ്റയുടെ പോളിസി വിഭാഗം പ്രതിനിധികൾ അവരെ അറിയിച്ചു.
പോസ്റ്റുകളും അക്കൗണ്ടുകളും നിയന്ത്രിക്കുന്നതിനെക്കുറിച്ച് ഏഴുദിവസത്തിനകം പരസ്യമായ വിശദീകരണം നൽകണമെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും യൂത്ത് കോൺഗ്രസ് നവംബർ 21-ന് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എത്ര ഇന്ത്യൻ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയെന്നും അവയിൽ എത്രയെണ്ണം ഇപ്പോഴും ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും വെളിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.
ഇതിനുപുറമെ, രാഹുൽ ഗാന്ധിയെ പരാമർശിക്കുന്നതോ നരേന്ദ്ര മോദി സർക്കാരിനെ വിമർശിക്കുന്നതോ ആയ പോസ്റ്റുകൾ സ്വമേധയാ തടയുന്നതായി ആരോപിക്കപ്പെടുന്നതിന്റെ കാരണവും വിശദീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മെറ്റയോട് ആവശ്യപ്പെട്ടിരുന്നു.
‘Following Indian Laws’: Meta Responds to Congress Allegations of Restricting Posts and Accounts












