
കോണ്‍ഗ്രസിലെ സംഘടനാ പ്രശ്നങ്ങളും ഗ്രൂപ്പ് പോരും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനോട് ചോദിക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്. ഗ്രൂപ്പ് പോരിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘ഞാന്‍ ഈ നാട്ടുകാരനല്ല, മാവിലായിക്കാരനാണ്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പാര്‍ട്ടിക്കാര്യങ്ങളില്‍ താന്‍ മറുപടി പറയുന്നത് ശരിയായ രീതിയല്ലെന്നും, സൈബര്‍ ആക്രമണം ഉമ്മന്ചാണ്ടിക്കെതിരെയായാലും ആര്‍ക്കെതിരെയായാലും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു. താനും നിരന്തരമായി സൈബര്‍ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും, ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇത് വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചില ചാനലുകള്‍ രാവിലെ മുതല്‍ ഉച്ചവരെ തനിക്കെതിരെ ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുകയാണെന്നും മുഖ്യധാരാ മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു. ക്ഷേമ പെന്ഷന് നിര്‍ത്തുന്നുവെന്നും, ഉമ്മന്‍ചാണ്ടിയെ കണ്ണീര് കുടിപ്പിച്ചത് താനാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞുവെന്നും, മാവേലി തമ്പുരാനോട് ഉപമിച്ചുമുള്ള വ്യാജ കാര്‍ഡുകള്‍ മാധ്യമങ്ങളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെന്നും ഇതിനെതിരെ മാധ്യമങ്ങള്‍ തന്നെ പരാതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, എല്‍പിഎസ്ടി (LPST) സമരക്കാരുടെ പ്രധാന ആവശ്യമായ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ അനുപാതം 1:30 ആണെങ്കിലും കേരളത്തിലെ ആകെ മൂന്നര ലക്ഷം എല്‍പി വിദ്യാര്‍ത്ഥികള്‍ക്കായി 18,856 അധ്യാപകരുള്ളതിനാല്‍ യഥാര്‍ത്ഥ അനുപാതം 1:19 ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരക്കാരുടെ ആവശ്യപ്രകാരം 1:25 ആക്കി കുറച്ചാലും അധ്യാപകരുടെ എണ്ണം കൂടില്ലെന്നും വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സമരക്കാരുടെ അഞ്ച് ആവശ്യങ്ങളില്‍ നാലെണ്ണവും അംഗീകരിച്ചിട്ടുണ്ടെന്നും നടപ്പിലാക്കാന്‍ കഴിയാത്ത ആവശ്യം അംഗീകരിക്കാനാകില്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും സതീശന് പറഞ്ഞു. ഡിവിഷന് ഫാള്‍ വന്നാല്‍ അധ്യാപകരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്നും ഇനിയും സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇല്ലാത്ത ഒഴിവുകളില്‍ അഭിമുഖം നടത്തി പിഎസ്സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത് പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പിഎസ്സിയുമായി കൂടിയാലോചന നടത്തി ഇതില്‍ വേണ്ട ഭേദഗതി വരുത്തുമെന്നും, നിലവിലെ രീതിയില്‍ ഒന്നാം റാങ്കുകാര്‍ക്ക് പോലും ജോലി നല്കാന് കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘Ask KPCC President About Party Matters, Reducing LPST Ratio Impractical’: CM V.D. Satheesan Clarifies Stand













