യുഎസ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലേക്ക്; നിർണായക സന്ദർശനമെന്ന് യുഎസ് സ്ഥാനപതി സെർജിയോ ഗോർ

ന്യൂഡൽഹി: അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യ സന്ദർശിക്കാനെത്തുന്നു. സന്ദർശനത്തെ കുറിച്ച് വലിയ പ്രതീക്ഷയുണ്ടെന്ന് ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ വ്യക്തമാക്കി. “മാർക്കോ റൂബിയോ ഇന്ത്യയിലേക്കുള്ള യാത്ര ആരംഭിച്ചു. സുപ്രധാനമായ ഈ സന്ദർശനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.

ഞായറാഴ്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി മാർക്കോ റട്ടബിയോ കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കും. കഴിഞ്ഞ വർഷം വിദേശകാര്യ സെക്രട്ടറിയായി ചുമതലയേറ്റതിന് ശേഷമുള്ള റൂബിയോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഡൽഹിക്കു പുറമെ കൊൽക്കത്ത, ആഗ്ര, ജയ്പൂർ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

“ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളികളിലൊന്നാണ്. നിരവധി മേഖലകളിൽ ഇരു രാജ്യങ്ങളും മികച്ച സഹകരണമാണ് തുടരുന്നത്. അതിനാൽ ഈ സന്ദർശനം ഏറെ പ്രധാനപ്പെട്ടതാണ്,” എന്ന് യാത്രയ്ക്ക് മുൻപ് റൂബിയോ പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും, പ്രത്യേകിച്ച് ഊർജ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചയിലുണ്ടാകുമെന്നാണ് സൂചന.

ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ പ്രതിനിധി തോഷിമിത്സു മൊട്ടേഗി എന്നിവരും ക്വാഡ് യോഗത്തിൽ പങ്കെടുക്കും. ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ, നിലവിലെ ക്വാഡ് പദ്ധതികളുടെ പുരോഗതി, ആഗോള സുരക്ഷാ വിഷയങ്ങൾ എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. വിദേശകാര്യ മന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സന്ദർശിക്കുമെന്നാണ് വിവരം.

US secretary Marco Rubio heads to India; Envoy Sergio Gor says he’s ‘excited for this trip’

More Stories from this section

family-dental
witywide