സ്വയം വിശേഷിപ്പിച്ചത് വക്കീലെന്ന്, പക്ഷേ പരീക്ഷ പാസായില്ല; ട്രംപിൻ്റെ പ്രസ് സെക്രട്ടറി വിവാദച്ചുഴിയിൽ

വാഷിംഗ്ടൺ: താൻ ഒരു അഭിഭാഷകയാണെന്ന് അവകാശപ്പെടുകയും, പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ അറ്റോർണി എന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്ന വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കേറ്റി സക്കറിയ ഇതുവരെ ബാർ പരീക്ഷ പാസായിട്ടില്ലെന്ന് ഒടുവിൽ സമ്മതിച്ചു. കൺസർവേറ്റീവ് കമന്റേറ്ററായ ജാക്ക് പോസോബിയക്കുമായി നടത്തിയ അഭിമുഖത്തിലാണ് കേറ്റി ഈ വെളിപ്പെടുത്തൽ നടത്തിയത്.

2011-ൽ കാലിഫോർണിയയിലെ ബാർ പരീക്ഷയിൽ കേറ്റി പരാജയപ്പെട്ടുവെന്നും, പിന്നീട് അവർ താമസിച്ച മറ്റ് യു.എസ് സംസ്ഥാനങ്ങളിലൊന്നും പരീക്ഷ പാസായിട്ടില്ലെന്നും ‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറിയുടെ സ്ഥിരീകരണം. പെപ്പർഡൈൻ യൂണിവേഴ്സിറ്റിയുടെ ലോ സ്കൂളിൽ നിന്നാണ് കേറ്റി നിയമ ബിരുദം നേടിയത്.

കാലിഫോർണിയയിൽ ബാർ പരീക്ഷ എഴുതിയ സമയത്ത് വിവാഹത്തിരക്കുകളിലും, ഭർത്താവിന്റെ ജോലിയുടെ ഭാഗമായി ചൈനയിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലുമായിരുന്നു താനെന്ന് കേറ്റി പറഞ്ഞു. ഇതുകാരണമാണ് പരീക്ഷയിൽ ശ്രദ്ധിക്കാൻ കഴിയാതെ പോയത്. ചൈനയിലെ തന്റെ കോർപ്പറേറ്റ് നിയമ സംബന്ധിയായ ജോലികൾക്ക് ഈ പരീക്ഷ പാസാകേണ്ടതില്ലായിരുന്നു എന്നും അവർ വ്യക്തമാക്കി.

താൻ ഒരിക്കലും ഔദ്യോഗികമായി “അറ്റോർണി അറ്റ് ലോ” എന്ന് സ്വയം വിശേഷിപ്പിച്ചിട്ടില്ലെന്നും, ‘വക്കീൽ’ എന്ന് ലേബൽ ചെയ്തതിനെച്ചൊല്ലി മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുകയാണെന്നും കേറ്റി ആരോപിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്വയം “അറ്റോർണി” എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പതിനഞ്ചോളം സോഷ്യൽ മീഡിയ പോസ്റ്റുകൾ കേറ്റി പങ്കുവെച്ചിട്ടുണ്ടെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ബാർ പരീക്ഷ പാസാകാതെ സ്വയം വക്കീലെന്ന് വിശേഷിപ്പിച്ചത് വഴി കേറ്റി സക്കറിയ കാലിഫോർണിയയിലെ നിയമങ്ങൾ ലംഘിച്ചോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ‘ക്യാമ്പെയ്ൻ ഫോർ അക്കൗണ്ടബിലിറ്റി’ എന്ന സംഘടന സ്റ്റേറ്റ് ബാർ ഓഫ് കാലിഫോർണിയയ്ക്ക് പരാതി നൽകി. ലൈസൻസില്ലാതെ സ്വയം വക്കീലെന്ന് അവകാശപ്പെടുന്നത് കാലിഫോർണിയ നിയമപ്രകാരം കുറ്റകൃത്യമാണ്. തന്റെ യോഗ്യതകളെക്കുറിച്ച് കേറ്റി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതായും സംഘടന ആരോപിച്ചു.

അതേസമയം, പ്രസ് സെക്രട്ടറി പദവിക്ക് കേറ്റി സക്കറിയ തികച്ചും യോഗ്യയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. കേറ്റി അതീവ ബുദ്ധിശാലിയാണെന്നും, ട്രംപ് ഭരണകൂടത്തിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ അവർക്ക് പ്രത്യേക കഴിവുണ്ടെന്നും വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചുങ് പ്രസ്താവനയിൽ പറഞ്ഞു. പ്രതിപക്ഷ സംഘടനകളുടെ ആരോപണങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.

Claimed to be a lawyer but failed the bar exam; Trump’s Press Secretary in a controversy.

More Stories from this section

family-dental
witywide