
വാഷിംഗ്ടൺ: കുടിയേറ്റക്കാർക്ക് യാതൊരു ബന്ധവുമില്ലാത്ത മൂന്നാം രാജ്യങ്ങളിലേക്ക് അവരെ നിർബന്ധിതമായി നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ വിവാദപരമായ നീക്കത്തിന് അമേരിക്കൻ സുപ്രീം കോടതിയുടെ അനുമതി. തങ്ങളുടെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിക്കാൻ പോലും കുടിയേറ്റക്കാർക്ക് അവസരം നൽകാതെ, മറ്റ് രാജ്യങ്ങളിലേക്ക് അവരെ മാറ്റുന്ന പദ്ധതി താത്കാലികമായി പുനരാരംഭിക്കാനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. അതേസമയം, ഈ കേസിൽ വരുന്ന ഡിസംബറിൽ കോടതി വിശദമായ അന്തിമ വാദം കേൾക്കും.
കീഴ്ക്കോടതികൾ ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കഴിഞ്ഞ 18 മാസത്തിനിടെ മൂന്നാം തവണയാണ് ഈ നയം നടപ്പിലാക്കാൻ ട്രംപ് ഭരണകൂടത്തിന് പരമോന്നത കോടതി താത്കാലിക അനുമതി നൽകുന്നത്. കോടതിയിലെ മൂന്ന് ലിബറൽ ജഡ്ജിമാർ ഈ തീരുമാനത്തോട് കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. അടുത്ത വർഷം ജൂലൈയോടെ ഈ കേസിൽ അന്തിമ വിധി ഉണ്ടായേക്കുമെന്നാണ് സൂചന.
കുടിയേറ്റത്തിനെതിരെയുള്ള കർശന നടപടികളുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് ട്രംപ് ഭരണകൂടം ഈ നയം കൊണ്ടുവന്നത്. അനധികൃതമായി എത്തുന്ന കുടിയേറ്റക്കാരുടെ സ്വന്തം രാജ്യങ്ങൾ അവരെ തിരികെ സ്വീകരിക്കാൻ വിസമ്മതിക്കുമ്പോൾ യു.എസ് വലിയ പ്രതിസന്ധി നേരിട്ടിരുന്നു. ഇതിന് പരിഹാരമായാണ്, കുടിയേറ്റക്കാരന് ആ രാജ്യവുമായി യാതൊരു മുൻപരിചയമോ ബന്ധമോ ഇല്ലെങ്കിൽ പോലും, അവരെ സ്വീകരിക്കാൻ തയ്യാറുള്ള മറ്റേതെങ്കിലും മൂന്നാം രാജ്യത്തേക്ക് നാടുകടത്താൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടത്. ഈ നയപ്രകാരം ഇതിനകം 25,000-ത്തോളം കുടിയേറ്റക്കാരെ യു.എസിൽ നിന്നും നാടുകടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട ചില വിവരങ്ങൾ ഈ നയത്തെ കടുത്ത വിവാദത്തിലേക്ക് തള്ളിവിട്ടിരുന്നു. തെക്കൻ സുഡാനിലേക്ക് പോകേണ്ടിയിരുന്ന ഒരു കൂട്ടം കുടിയേറ്റക്കാരെ ജിബൂട്ടിയിൽ ചരക്ക് കടത്തുന്ന കോണക്സ് ഷിപ്പിംഗ് കണ്ടെയ്നറുകൾ പരിഷ്കരിച്ചുണ്ടാക്കിയ താല്കാലിക തടവറകളിൽ പാർപ്പിച്ചിരിക്കുകയാണെന്ന് സംഘടനകൾ കണ്ടെത്തിയിരുന്നു.
കേസിൽ മൂന്ന് പ്രധാന കാര്യങ്ങളിലാണ് സുപ്രീം കോടതി അന്തിമ തീരുമാനം എടുക്കുക: ട്രംപിനെതിരെ വിധി പ്രസ്താവിച്ച ജില്ലാ കോടതിക്ക് ഇതിന് അധികാരപരിധി ഉണ്ടായിരുന്നോ? ബാധിക്കപ്പെട്ട മുഴുവൻ ആളുകൾക്കും വേണ്ടി തീരുമാനമെടുക്കാൻ കീഴ്ക്കോടതിക്ക് അവകാശമുണ്ടോ? ട്രംപ് ഭരണകൂടത്തിന്റെ ഈ നയം നിയമപരമാണോ? എന്നിവയാണ് പരിഗണിക്കുക.
ഭരണകൂടത്തിന് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ മറ്റ് ചോദ്യങ്ങളും കോടതിക്ക് മുന്നിൽ ഉന്നയിക്കാം. എന്നാൽ, ഈ താത്കാലിക ഉത്തരവിനുള്ള കാരണം വ്യക്തമാക്കാൻ കോടതി തയ്യാറായിട്ടില്ല. വിയോജിച്ച ജഡ്ജിമാരും തങ്ങളുടെ നിലപാട് എഴുതി നൽകിയിട്ടില്ല.
സുപ്രീം കോടതി വിധി വന്നതോടെ വൈറ്റ് ഹൗസ് ഇതിനെ സ്വാഗതം ചെയ്തു. കുറ്റവാളികളായ അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റിന്റെ ആഭ്യന്തര സുരക്ഷാ അജണ്ടയുടെ നിയമസാധുതയെ കോടതി വീണ്ടും ശരിവെച്ചിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് വക്താവ് ലോറൻ ബിസ് പറഞ്ഞു. നാടുകടത്തൽ തടഞ്ഞ കീഴ്ക്കോടതികളുടെ വിധി വലിയ നയതന്ത്ര പ്രതിസന്ധിയും വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതിലൂടെ വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കിയെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കോടതിയിൽ വാദിച്ചു.
എന്നാൽ, കീഴ്ക്കോടതികൾ ഈ കേസിൽ അന്തിമ വിധി പ്രസ്താവിച്ചിട്ടുണ്ടെന്നും, സുപ്രീം കോടതിയുടെ ഇപ്പോഴത്തെ അടിയന്തര ഉത്തരവ് താല്കാലികം മാത്രമാണെന്നും കുടിയേറ്റക്കാർക്ക് വേണ്ടി ഹാജരായ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. എങ്കിലും സുപ്രീം കോടതിയുടെ ഈ നീക്കം കേസിന്റെ അന്തിമ വിധി ഏത് ദിശയിലായിരിക്കും എന്നതിന്റെ സൂചന നൽകുന്നുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
US Supreme Court gives green light to Trump to deport illegal immigrants to third countries.















