ഇറാനെതിരെ ഉപരോധം കടുപ്പിച്ച് അമേരിക്ക; ഹോർമുസ് കടലിടുക്കിൽ നാവികസേന സജ്ജം, കപ്പലുകൾക്ക് അന്ത്യശാസനം, അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ

വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്ക് വഴി ഇറാനിലേക്കുള്ള കപ്പൽ ഗതാഗതത്തിന് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി അമേരിക്ക. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ തടയുമെന്നും ആവശ്യമെങ്കിൽ സൈനിക ശക്തി ഉപയോഗിക്കുമെന്നും യുഎസ് സെൻട്രൽ കമാൻഡ് മുന്നറിയിപ്പ് നൽകി. ഇതോടെ മേഖലയിൽ സംഘർഷാവസ്ഥ പാരമ്യത്തിലെത്തിയിരിക്കുകയാണ്.

ഇറാൻ്റെ തുറമുഖങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് വരുന്നതുമായ എല്ലാ കപ്പലുകളെയും യുഎസ് നാവികസേന നിരീക്ഷിക്കുകയും തടയുകയും ചെയ്യും. ഉപരോധത്തോട് സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യുഎസ് വ്യക്തമാക്കി. യുഎസ്എസ് എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിലെ അയ്യായിരത്തോളം നാവികരെയും മറ്റ് പന്ത്രണ്ടോളം യുദ്ധക്കപ്പലുകളെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. യുഎസ് സെൻട്രൽ കമാൻഡിലെ മുഴുവൻ സൈനികരും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണെന്ന് എക്സിലൂടെ അറിയിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധത്തെ തള്ളി ഇറാൻ രംഗത്തെത്തി. യുഎസ് നീക്കം നിലവിലെ വെടിനിർത്തൽ കരാറുകളുടെ ലംഘനമാണെന്നും ഭീഷണി തുടർന്നാൽ അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇറാനെ ഉപരോധത്തിലൂടെ തളർത്താൻ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയിൽ ബഘായി വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിൽ പരാജയപ്പെടുമ്പോൾ സമ്മർദതന്ത്രങ്ങൾ ഉപയോഗിക്കുന്നത് വിജയിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം പരിഹസിച്ചു. യുഎസ് സൈന്യത്തെ ഉപയോഗിച്ചാൽ ആനുപാതികമായ രീതിയിൽ തന്നെ പ്രതികരിക്കാൻ ഇറാൻ സൈന്യം നിർബന്ധിതരാകും. നിലവിലെ സംഭവവികാസങ്ങൾ ഇറാൻ സൈന്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ബഘായി പറഞ്ഞു. ഇരുരാജ്യങ്ങളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ചതോടെ ഹോർമുസ് കടലിടുക്കിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നതിനൊപ്പം അന്താരാഷ്ട്ര ചരക്ക് നീക്കവും പ്രതിസന്ധിയിലായിട്ടുണ്ട്.

US tightens sanctions on Iran; Navy ready in Strait of Hormuz, ultimatum to ships, Iran says it will retaliate in kind

More Stories from this section

family-dental
witywide