150ലധികം അഫ്ഗാൻ കുടിയേറ്റക്കാരെ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്താൻ അമേരിക്ക; ജീവന് ഭീഷണിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ

150ലധികം അഫ്ഗാൻ കുടിയേറ്റക്കാരെ പാകിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്താൻ ഡോണൾഡ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോർട്ട്. നീക്കം ഇവരുടെ ജീവന് ഭീഷണിയാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ചയാണ് അമേരിക്കൻ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുടിയേറ്റ നിയന്ത്രണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ നിരവധി രാജ്യങ്ങൾക്ക് ട്രംപ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനു പിന്നാലെ പ്രത്യേക കുടിയേറ്റ വിസ ലഭിച്ച ചില അഫ്ഗാൻ പൗരന്മാർക്ക് നൽകിയ നാടുകടത്തൽ സംരക്ഷണം അവസാനിപ്പിക്കാനും ഭരണകൂടം നീക്കം നടത്തിയിരുന്നു. ഏറ്റവും പുതിയ നടപടിയുടെ ഭാഗമായി 150ലധികം അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്തുമെന്നാണ് റിപ്പോർട്ട്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം പുറത്തുവിട്ടത്. ആദ്യ വിമാനം തിങ്കളാഴ്ച തന്നെ പുറപ്പെട്ടേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സൈന്യത്തെ സഹായിച്ചവരുടെ ബന്ധുക്കളും നാടുകടത്തൽ ഭീഷണി നേരിടുന്നവരിലുണ്ട്. അഫ്ഗാനിസ്ഥാനിലെ മുൻ അമേരിക്കൻ സഖ്യകക്ഷികളെ സഹായിക്കുന്ന സംഘടനയായ അഫ്ഗാൻ ഇവാകാണ് ഇക്കാര്യം അറിയിച്ചത്. നേരിട്ട് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തൽ നടപടികൾ നടത്താൻ അമേരിക്കയ്ക്ക് കഴിയില്ല. അതിനാൽ പാകിസ്ഥാൻ വഴിയായിരിക്കും ഇവരെ തിരിച്ചയക്കുകയെന്ന് ഉദ്യോഗസ്ഥർ ന്യൂയോർക്ക് ടൈംസിനോട് പറഞ്ഞു.

വിസയില്ലാത്ത അഫ്ഗാൻ പൗരന്മാരെ അറസ്റ്റ് ചെയ്യാൻ ഈ വർഷം ആദ്യം പാകിസ്ഥാൻ സർക്കാർ രാജ്യവ്യാപകമായി സുരക്ഷാസേനയ്ക്ക് നിർദേശം നൽകിയിരുന്നു. താലിബാൻ വീണ്ടും അധികാരത്തിലെത്തിയതിനു പിന്നാലെ സ്വന്തം വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്ത ദശലക്ഷക്കണക്കിന് അഫ്ഗാൻ പൗരന്മാരെ തിരിച്ചയക്കുന്ന നടപടിയുടെ ഭാഗമായിരുന്നു ഇത്. 2021ൽ താലിബാൻ അധികാരത്തിലെത്തിയതുമുതൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം സംഘർഷഭരിതമാണ്.

US to deport over 150 Afghan immigrants back to Afghanistan via Pakistan; advocates warn of danger

More Stories from this section

family-dental
witywide