ഇസ്രായേലിന് അതിശക്തമായ ബോംബുകൾ വിൽക്കാൻ അമേരിക്ക; 2.8 ബില്യൺ ഡോളറിൻ്റെ ആയുധക്കരാറുമായി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ കടുത്ത പ്രതിസന്ധികളും വിമർശനങ്ങളും നേരിടുന്ന ഇസ്രായേലിന് വൻതോതിൽ മാരകായുധങ്ങൾ വിൽക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നീക്കം. സമീപകാലത്തെ ഏറ്റവും വലിയ ആയുധ ഇടപാടിലൂടെ, കടുത്ത വിനാശശേഷിയുള്ള 2,000 പൗണ്ട് ഭാരമുള്ള 40,000 ബോംബുകൾ ഇസ്രായേലിന് കൈമാറാനാണ് ട്രംപ് ഭരണകൂടം ഒരുങ്ങുന്നത്. 2.8 ബില്യൺ ഡോളർ (ഏകദേശം 23,000 കോടിയിലധികം രൂപ) മൂല്യം വരുന്നതാണ് ഈ പുതിയ ആയുധ പാക്കേജെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ ‘വാഷിംഗ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.

ഇടപാടിൽ ഉൾപ്പെട്ടിരിക്കുന്ന 40,000 ബോംബുകളിൽ പകുതിയും (20,000 എണ്ണം) പാശ്ചാത്യ സൈനിക വ്യൂഹത്തിലെ ഏറ്റവും മാരകമായ ‘MK 84’ ഇനത്തിൽപ്പെട്ടവയാണ്. ബാക്കി 20,000 എണ്ണം ‘BLU-117’ ബോംബുകളുമാണ്. ഇതിന് പുറമെ ഭൂഗർഭ തുരങ്കങ്ങൾ തകർക്കാൻ ശേഷിയുള്ള 20,000 ‘I-2000 പെനട്രേറ്റർ’ യുദ്ധമുനകളും കരാറിന്റെ ഭാഗമായി ഇസ്രായേലിന് ലഭിക്കും. യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് ഇസ്രായേലിന് നൽകുന്ന വിദേശ സൈനിക ധനസഹായം വഴിയാണ് ഈ ആയുധ ഇടപാട് നടത്തുന്നത്.

കോൺക്രീറ്റ് കെട്ടിടങ്ങളും ലോഹ നിർമ്മിതികളും നിമിഷനേരം കൊണ്ട് തവിടുപൊടിയാക്കാൻ ശേഷിയുള്ളവയാണ് MK-84 ബോംബുകൾ. ഗാസയിലും ലെബനനിലും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ ഇസ്രായേൽ ഇവ വ്യാപകമായി ഉപയോഗിക്കുന്നത് വൻ ജനനാശത്തിന് കാരണമാകുമെന്ന് മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ആശങ്കകളെത്തുടർന്ന് രണ്ട് വർഷം മുൻപ് ബൈഡൻ ഭരണകൂടം ഈ ബോംബുകളുടെ വിതരണം തടഞ്ഞുവെച്ചിരുന്നു. എന്നാൽ ട്രംപ് വീണ്ടും അധികാരത്തിലെത്തിയതോടെ ഈ വിലക്ക് നീക്കുകയായിരുന്നു.

ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇസ്രായേൽ ആക്രമണങ്ങളിൽ ഇതുവരെ 73,000-ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന യുഎസ് അന്വേഷണ റിപ്പോർട്ട് നിലനിൽക്കെയാണ് ട്രംപിൻ്റെ പുതിയ നീക്കം. എന്നാൽ ഒക്ടോബറിൽ നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിന് ശേഷവും ആക്രമണം കുറയ്ക്കാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. ആക്രമണങ്ങളുടെ തീവ്രത കുറയ്ക്കാൻ ട്രംപിന്റെ മരുമകനും മിഡിൽ ഈസ്റ്റ് ദൂതനുമായ ജാരെഡ് കുഷ്നർ നേരിട്ട് ആവശ്യപ്പെട്ടിട്ടും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

ഊഷ്മളമായി ട്രംപ്-നെതന്യാഹു ബന്ധം

ഇറാനെതിരെയുള്ള സംയുക്ത നീക്കങ്ങൾക്ക് പിന്നാലെ ട്രംപും നെതന്യാഹുവും തമ്മിലുള്ള വ്യക്തിബന്ധം കൂടുതൽ ശക്തമാകുന്നതിൻ്റെ സൂചനയാണ് പുതിയ ആയുധ ഇടപാട്. ഇക്കഴിഞ്ഞ ജനുവരിയിൽ 6.67 ബില്യൺ ഡോളറിൻ്റെയും, കഴിഞ്ഞ വർഷം കോൺഗ്രസ് അനുമതി മറികടന്ന് 3 ബില്യൺ ഡോളറിൻ്റെയും ആയുധങ്ങൾ ട്രംപ് ഭരണകൂടം ഇസ്രായേലിന് നൽകിയിരുന്നു. അതേസമയം, ഒക്ടോബർ 7-ലെ ഹമാസ് ആക്രമണത്തിൽ 1,200 പേർ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്ത പശ്ചാത്തലത്തിൽ, തങ്ങളുടെ നടപടികൾ പൂർണ്ണമായും സ്വയംപ്രതിരോധത്തിൻ്റെ ഭാഗമാണെന്നാണ് ഇസ്രായേലിൻ്റെ ഔദ്യോഗിക നിലപാട്.

US to sell powerful bombs to Israel; Trump administration strikes $2.8 billion arms deal.

More Stories from this section

family-dental
witywide