വെനിസ്വേല ഭൂകമ്പം: മരണസംഖ്യ ഉയരുന്നു, മരണം 1,400 കവിഞ്ഞു, പതിനായിരങ്ങൾക്കായി തിരച്ചിൽ തുടരുന്നു

കരാക്കസ്: വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നുവെന്നും 3,200 പേർക്ക് പരിക്കേറ്റതായും 3,100 പേർ ഭവനരഹിതരായതായും ദേശീയ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. അതേസമയം, 68,900-ലധികം പേരെ കാണാതായതായി കുടുംബങ്ങൾ പരാതി നൽകിയിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ഒരു മിനിറ്റിന്റെ ഇടവേളയിൽ റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രതകളിലുണ്ടായ രണ്ട് ഭൂചലനങ്ങൾ രാജ്യത്തിന്റെ വടക്കൻ മേഖലകളെ പൂർണമായും തകർത്തു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാ ഗ്വൈറ മേഖലയിലെ നാട്ടുകാർ അവശിഷ്ടങ്ങൾക്കിടയിൽ ജീവനുള്ളവരെ തേടുകയാണ്.

ഭൂചലനം മൂലം 6.7 ബില്യൺ ഡോളറിന്റെ (ഏകദേശം വെനസ്വേലയുടെ ജിഡിപിയുടെ 6 ശതമാനം) നഷ്ടമുണ്ടായതായി ഐക്യരാഷ്ട്രസഭയുടെ വികസന പരിപാടി (UNDP) വിലയിരുത്തി. വീടുകൾ ഉൾപ്പെടെയുള്ള ആസ്തിനഷ്ടമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടായ ആകെ ആഘാതം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. ദുരന്തബാധിത മേഖലകളിൽ 14,000-ത്തിലധികം സൈനികരെയും പൊലീസുകാരെയും വിന്യസിച്ചതായി വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അറിയിച്ചു. സുരക്ഷാ കാരണങ്ങളാൽ പല പ്രദേശങ്ങളിലേക്കും പ്രവേശനം നിയന്ത്രിച്ചിരിക്കുകയാണ്.

മെക്സിക്കോ, അമേരിക്ക, ബ്രസീൽ, എൽ സാൽവദോർ, ഫ്രാൻസ്എ ന്നിവിടങ്ങളിൽ നിന്നുള്ള കൂടുതൽ രക്ഷാസംഘങ്ങൾ ശനിയാഴ്ച വെനസ്വേലയിലെത്തി. നേരത്തേ നെതർലൻഡ്സ്, തുർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളും രക്ഷാദൗത്യത്തിൽ പങ്കുചേർന്നിരുന്നു. അതേസമയം, രക്ഷാ പ്രവർത്തനത്തിനെത്തിയ ബ്രിട്ടനിലെ സന്നദ്ധ സംഘടനയായ Serve On രക്ഷാസംഘം മാഡ്രിഡ് വിമാനത്താവളത്തിൽ 24 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണ്. ഭൂചലനത്തിൽ കരാക്കസിലെ സിമോൻ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളം തകർന്നതിനെ തുടർന്ന് വിമാന സർവീസുകൾ തടസപ്പെട്ടതാണ് കാരണം.

അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ ജെറമി ലെവിൻ, രക്ഷാപ്രവർത്തകരെയും മൊബൈൽ ആശുപത്രികളെയും ദുരിതാശ്വാസ സാമഗ്രികളെയും എത്തിക്കാൻ അമേരിക്കൻ സൈന്യം വിമാന സർവീസുകൾ ഏകോപിപ്പിക്കുമെന്ന് അറിയിച്ചു. 80 അംഗങ്ങളുള്ള രണ്ട് പ്രത്യേക തിരച്ചിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും, ചികിത്സ ആവശ്യമുള്ളവരെ സ്വീകരിക്കാൻ അമേരിക്കൻ നാവികസേനയുടെ കപ്പൽ വെനസ്വേല തീരത്ത് സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.”അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്. ജീവൻ രക്ഷിക്കാനുള്ള സമയത്തോടുള്ള പോരാട്ടമാണിത്,” എന്നും ലെവിൻ വ്യക്തമാക്കി.

ദുരന്തത്തിൽ മരിച്ചവരിൽ വിദേശ പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ സ്ഥിരീകരിച്ചു. 15 പോർച്ചുഗീസ് വംശജർ, ഏഴ് ചൈനക്കാർ, രണ്ട് ബ്രസീൽ സ്വദേശികൾ, അഞ്ച് സ്പാനിഷ് പൗരന്മാർ, ഒരു ഇറ്റാലിയൻ-വെനസ്വേലൻ പൗരൻ എന്നിവരും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, തകർന്ന വീടുകളിലേക്ക് മടങ്ങാൻ പോലും ജനങ്ങൾ ഭയപ്പെടുകയാണെന്ന് റെഡ് ക്രോസിന്റെ അമേരിക്കൻ മേഖലാ ഡയറക്ടർ ലോയ്സ് പേസ് വ്യക്തമാക്കി.

Venezuela earthquakes: death toll rises again to more than 1,400

More Stories from this section

family-dental
witywide