കപ്പൽ ആക്രമണത്തിന് പിന്നാലെ സംഘർഷം രൂക്ഷം; ഇറാനിൽ വീണ്ടും അമേരിക്കയുടെ വ്യോമാക്രമണം

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ച പനാമ പതാകയുള്ള എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് അമേരിക്ക വീണ്ടും ഇറാനിൽ വ്യാപക വ്യോമാക്രമണം നടത്തി. ശനിയാഴ്ച നടന്ന ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കൻ സൈന്യം ഇറാനിലെ നിരവധി സൈനിക കേന്ദ്രങ്ങൾ തകർത്തതെന്ന് അറിയിച്ചത്. അമേരിക്കൻ സെൻട്രൽ കമാൻഡ് (CENTCOM) പുറത്തിറക്കിയ പ്രസ്താവനയിൽ, വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി. സൈനിക ഉപകരണങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ, വ്യോമ പ്രതിരോധ കേന്ദ്രങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സെൻട്രൽ കമാൻഡ് അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വെടിനിർത്തൽ കരാർ ഇറാൻ ആവർത്തിച്ച് ലംഘിച്ചതാണ് പുതിയ ആക്രമണത്തിന് കാരണമെന്നും പറഞ്ഞു. “എപ്പോഴെങ്കിലും ന്യായമായ സമീപനം തുടരാൻ കഴിയാത്ത സാഹചര്യം വന്നേക്കാം” എന്ന മുന്നറിയിപ്പും തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് നൽകി. ടെഹ്റാൻ ഒരിക്കലും പാഠം പഠിക്കില്ല. നമുക്ക് ഇനി ന്യായമായ നിലപാട് തുടരാൻ കഴിയാത്ത സാഹചര്യം വന്നാൽ, വിജയകരമായി ആരംഭിച്ച ദൗത്യം സൈനികമായി പൂർണമായി പൂർത്തിയാക്കേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ എന്ന രാജ്യം പിന്നെ നിലനിൽക്കില്ല എന്നും ട്രംപ് മുന്നറിയിപ്പ് നൽകി

അതേസമയം, അമേരിക്കയുടെ പുതിയ ആക്രമണത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പനാമ പതാകയുള്ള MT Kiku എന്ന എണ്ണക്കപ്പൽ ഡ്രോൺ ഉപയോഗിച്ച് ഇറാൻ ആക്രമിച്ചതോടെയാണ് വെടിനിർത്തൽ കരാർ പാലിക്കാനുള്ള അവസരം ഇറാൻ നഷ്ടപ്പെടുത്തിയതെന്ന് CENTCOM ആരോപിച്ചു. ഹോർമുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകളുടെ ഗതാഗതം ഇപ്പോഴും തുടരുകയാണെന്നും അറിയിച്ചു.

കുവൈത്തും ബഹ്റൈനും ജാഗ്രതയിൽ

അമേരിക്കൻ ആക്രമണത്തിന് പിന്നാലെ കുവൈത്തും ബഹ്റൈനും വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതായി അറിയിച്ചു.” മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം നേരിടുകയാണ്. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കണം,” എന്ന് കുവൈത്ത് സായുധ സേന അറിയിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയവും ജനങ്ങളോട് ശാന്തരായി തുടരാനും സമീപത്തെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനും നിർദേശം നൽകി.

സംഘർഷത്തിന് തുടക്കമായത് ചരക്കുകപ്പൽ ആക്രമണം

ജൂൺ 25-ന് MV Ever Lovely എന്ന സിംഗപ്പൂർ പതാകയുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന് പ്രതികാരമായാണ് വെള്ളിയാഴ്ചയും അമേരിക്ക ഇറാനെ ആക്രമിച്ചത്.വാണിജ്യ കപ്പലുകൾക്കെതിരായ ഇറാന്റെ ആക്രമണം വെടിനിർത്തൽ കരാറിന്റെ വ്യക്തമായ ലംഘനമാണെന്നും അമേരിക്ക വ്യക്തമാക്കി.എന്നാൽ, അനുമതിയില്ലാത്ത കടൽപാതയിലൂടെയാണ് കപ്പൽ സഞ്ചരിച്ചതെന്നും അതിനാലാണ് ആക്രമിച്ചതെന്നും ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ തിരിച്ചടി തന്നെയാണ് യഥാർത്ഥത്തിൽ വെടിനിർത്തൽ കരാർ ലംഘിച്ചതെന്നും ടെഹ്റാൻ ആരോപിച്ചു.#

ഹോർമുസ് കടലിടുക്ക് വീണ്ടും ആശങ്കയിൽ

ജൂൺ 17-ന് 14 കാര്യങ്ങളടങ്ങിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ അമേരിക്കയും ഇറാനും വെടിനിർത്തൽ കരാറിലെത്തിയിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ 60 ദിവസത്തേക്ക് വാണിജ്യ കപ്പലുകൾക്ക് തടസമില്ലാതെ സുരക്ഷിത യാത്ര ഉറപ്പാക്കുമെന്ന് ഇറാൻ അതിൽ സമ്മതിച്ചിരുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ-വാതക ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക്, ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതിന് പിന്നാലെ ടെഹ്റാൻ ഫലത്തിൽ അടച്ചിരുന്നു. ഇതോടെ ആഗോള എണ്ണവില കുത്തനെ ഉയരുകയും വളം ഉൾപ്പെടെയുള്ള സുപ്രധാന ചരക്കുകളുടെ ഗതാഗതവും തടസ്സപ്പെടുകയും ചെയ്തു.

ഇതിനിടെ, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കില്ലെന്ന് ഇറാൻ അറിയിച്ചതായി ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാൽ, യുദ്ധത്തിന് മുമ്പുണ്ടായിരുന്ന രീതിയിലേക്ക് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇനി ഒരിക്കലും തിരിച്ചുപോകില്ലെന്ന് ഇറാന്റെ മുഖ്യ ചർച്ചാ പ്രതിനിധി മുഹമ്മദ് ബാഗർ ഖാലിബാഫ് വ്യക്തമാക്കി.

The US has conducted new strikes on Iran, following a drone attack on a Panama-flagged vessel in the Strait of Hormuz on Saturday.

More Stories from this section

family-dental
witywide