
കാലിഫോർണിയ: മൃഗങ്ങളെ കൊല്ലില്ലെന്ന് അവകാശപ്പെട്ടിരുന്ന അമേരിക്കയിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്ന് 117 നായകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് വൻ വിവാദമായി. മൃതദേഹങ്ങളിൽ പലതിനും വെടിയേറ്റ പാടുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. വടക്കൻ കാലിഫോർണിയയിലെ മിറാണ്ടാസ് റെസ്ക്യൂ ആനിമൽ സാങ്ച്വറി എന്ന കേന്ദ്രത്തിലാണ് കൂട്ടക്കുഴിമാടങ്ങൾ സംശയിച്ച് നടത്തിയ പരിശോധനയിൽ വിവിധ ഘട്ടങ്ങളിൽ അഴുകിയ നിലയിലുള്ള നായകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് 600-ഓളം നായകളുടെ കഴുത്തുപട്ടകളും കണ്ടെടുത്തു.
നൂറുകണക്കിന് മൃഗങ്ങളെ കാണാതായെന്ന പരാതിയെ തുടർന്ന് മൃഗപീഡനം, തട്ടിപ്പ്, ഗൂഢാലോചന തുടങ്ങിയ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുകയായിരുന്നു. അന്വേഷണത്തിൽ, 2025-ന്റെ തുടക്കം മുതൽ 900 മൃഗങ്ങളെ കേന്ദ്രം ഏറ്റെടുത്തെങ്കിലും വെറും 116 മൃഗങ്ങളെ മാത്രമാണ് ദത്തുനൽകിയതെന്ന് കണ്ടെത്തി. 700-ലധികം മൃഗങ്ങളുടെ വിവരങ്ങൾ ലഭ്യമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
50 ഏക്കർ വിസ്തൃതിയുള്ള കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 117 നായകളുടെ മൃതദേഹങ്ങൾക്കൊപ്പം 21 നായകളുടെ തലയോട്ടികളും നൂറുകണക്കിന് അസ്ഥികളും കണ്ടെത്തി. 70 മൃതദേഹങ്ങളുടെ എക്‌സ്-റേ പരിശോധനയിൽ വെടിയുണ്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ പല നായകളെയും വെടിവെച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.അതേ സ്ഥലത്ത് നായകളെ കൊലപ്പെടുത്തിയിരിക്കാമെന്ന് സംശയിക്കുന്ന ഒരു കളപ്പുരയും അന്വേഷണ സംഘം കണ്ടെത്തി. മരിച്ച മിക്ക നായകൾക്കും മൈക്രോചിപ്പ് ഉണ്ടായിരുന്നതിനാൽ അവയുടെ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്.
അതേസമയം, കേന്ദ്രത്തിന്റെ ഉടമ ഷാനൺ മിറാണ്ട എല്ലാ ആരോപണങ്ങളും നിഷേധിച്ചു. തന്റെ സ്ഥാപനം യഥാർഥത്തിൽ “നോ-കിൽ” മൃഗസംരക്ഷണ കേന്ദ്രമാണെന്നും, ഗുരുതര രോഗബാധയോ മറ്റുള്ളവർക്ക് ഭീഷണിയോ ഉള്ള അപൂർവ സാഹചര്യങ്ങളിൽ മാത്രമാണ് ദയാവധം നടത്തിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. രണ്ടുമാസമായി തുടരുന്ന അന്വേഷണത്തിൽ ഇതുവരെ ആരുടെയും പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ മൃഗപീഡനമോ തട്ടിപ്പോ നടന്നതായി മതിയായ തെളിവുകൾ ലഭിച്ചാൽ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ഹംബോൾട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.
117 dead dogs found at California ‘no-kill’ animal rescue – many with gunshot wounds












