ബെയ്റൂട്ട്: ദീർഘകാല സമാധാനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിൽ ഇസ്രയേലും ലെബനനും തമ്മിൽ പുതിയ കരാറിൽ ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ തെക്കൻ ലെബനനിൽ വീണ്ടും വ്യോമാക്രമണവുമായി ഇസ്രയേൽ. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നബാതിയെ അൽ-ഫൗഖാ പട്ടണത്തിൽ ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി. തുടർന്ന് സമീപപ്രദേശങ്ങളിലും ആക്രമണം തുടരുകയും കുറഞ്ഞത് രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇസ്രയേൽ സൈന്യം, തങ്ങളുടെ സേനയ്ക്ക് ഭീഷണിയായിരുന്ന ഒരാളെ ലക്ഷ്യമിട്ടാണ് ഡ്രോൺ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, അമേരിക്കയുടെ മധ്യസ്ഥതയിൽ വെള്ളിയാഴ്ച ഒപ്പുവെച്ച കരാർ ശക്തമായി തള്ളിക്കളഞ്ഞ ലെബനനിലെ ഹിസ്ബുള്ള നേതാവ് നയിം ഖാസിം, രാജ്യത്തിന്റെ പരമാധികാരം ബെയ്റൂട്ട് സർക്കാർ തകർത്തുവെന്ന് ആരോപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാഷിങ്ടണിൽ രൂപം കൊണ്ട കരാറിനെ “ചരിത്രപരമായ നേട്ടം” എന്നും ഇറാനും ഹിസ്ബുള്ളക്കും കനത്ത തിരിച്ചടിയെന്നും വിശേഷിപ്പിച്ചിരുന്നു.
നാല് പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ധാരണപ്രകാരം, തെക്കൻ ലിതാനി മേഖലയിലെ സൈനിക സാന്നിധ്യം ഇസ്രയേൽ പിൻവലിക്കും. തുടർന്ന് ആ പ്രദേശത്തിന്റെ പൂർണ നിയന്ത്രണം ലെബനൻ സൈന്യം ഏറ്റെടുക്കും. എന്നാൽ, തെക്കൻ ലെബനനിൽ വികസിപ്പിച്ച സുരക്ഷാ മേഖലയിലായി ഇസ്രയേൽ സൈന്യത്തിന് തുടരാൻ അനുമതിയുണ്ട്. അതേസമയം, പുതിയ കരാറിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയ ഹിസ്ബുള്ള നേതാവ് നയിം ഖാസിം, “വാഷിങ്ടൺ കരാർ അപമാനകരവും ലജ്ജാകരവും രാജ്യത്തിന്റെ പരമാധികാരം അടിയറവച്ചതുമാണ്. ഈ കരാർ അസാധുവാണ്,” എന്ന് പ്രതികരിച്ചു.
ഹിസ്ബുള്ളയുടെ ആയുധനിരായുധീകരണവുമായി ഇസ്രയേൽ സൈന്യത്തിന്റെ പിൻവാങ്ങൽ ബന്ധിപ്പിച്ച വ്യവസ്ഥകൾ എല്ലാ ചുവപ്പ് വരകളും ലംഘിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. ലെബനൻ സർക്കാർ “ഗുരുതരമായ രാഷ്ട്രീയ പിഴവ്” ചെയ്തുവെന്നും, ഇത് രാജ്യത്തിന്റെ ചില പ്രദേശങ്ങൾ ഇസ്രയേൽ കൈവശപ്പെടുത്തുന്നതിലേക്ക് പോലും നയിക്കാമെന്നും സായുധ പ്രതിരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്, തെക്കൻ ലെബനനിൽ 10 കിലോമീറ്റർ വരെ വ്യാപിച്ച സുരക്ഷാ മേഖലയിൽ ദീർഘകാലം തുടരാൻ സൈന്യത്തിന് നിർദേശം നൽകിയതായും വ്യക്തമാക്കി.
മാർച്ച് 2-ന്, ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയതോടെയാണ് അമേരിക്ക- ഇറാൻ- ഇസ്രയേൽ സംഘർഷത്തിലേക്ക് ലെബനന്നും വലിച്ചിഴക്കപ്പെട്ടത്. തുടർന്ന് ലെബനനിൽ ഇസ്രയേൽ വ്യാപക വ്യോമാക്രമണവും തെക്കൻ മേഖലയിൽ കരയാക്രമണവും ആരംഭിച്ചു. നിലവിലെ സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രയേൽ ആക്രമണങ്ങളിൽ ലെബനനിൽ 4,192 പേർ കൊല്ലപ്പെടുകയും 11,600-ലധികം പേർക്ക് പരിക്കേൽക്കുകയും 12 ലക്ഷത്തിലധികം പേർ കുടിയൊഴിയേണ്ടിവരികയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, അതിർത്തിയുടെ ഇരുവശങ്ങളിലുമായി 36 സൈനികരും നാല് സാധാരണക്കാരും കൊല്ലപ്പെട്ടതായി ഇസ്രയേലും വ്യക്തമാക്കുന്നു. ഏപ്രിൽ 16-ന് അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ പോരാട്ടം അവസാനിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല. തുടർന്ന് ജൂണിൽ ഇസ്രയേലും ലെബനനും വീണ്ടും വെടിനിർത്തൽ കരാർ പുതുക്കാൻ ധാരണയിലെത്തുകയായിരുന്നു.
Israel strikes southern Lebanon as Hezbollah condemns new deal













